Published: January 04, 2026 07:07 AM IST Updated: January 04, 2026 10:37 AM IST
1 minute Read
കൊച്ചി ∙ ഐഎസ്എലിന്റെ ഭാവി സംബന്ധിച്ച ആശങ്കകൾക്കിടെ മൊറോക്കൻ സൂപ്പർ വിങ്ങർ നോവ സദൂയിയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്കു പിന്നാലെ സദൂയിയും ചേക്കേറിയത് ഇന്തൊനീഷ്യയിലേക്കാണ്. ലൂണയെപ്പോലെ വായ്പ അടിസ്ഥാനത്തിലാണു സദൂയിയും ക്ലബ് വിട്ടത്. സീസണിൽ ശേഷിച്ച കാലത്തേക്കു സദൂയി വിദേശ ക്ലബ്ബിൽ കളിക്കുമെന്നു ബ്ലാസ്റ്റേഴ്സും സ്ഥിരീകരിച്ചു.
ഇന്തൊനീഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ പെയർസിബ് ബാൻഡൂങ്ങുമായി ലൂണ കരാർ ഒപ്പിട്ടതായാണു സൂചന. പെയർസിബ് ബാൻഡൂങ്ങിനു പുറമേ, മറ്റൊരു ടോപ് ഡിവിഷൻ ക്ലബ്ബായ പെർസിക് കെദീരീയും സദൂയിയുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.
എന്നേക്കുമായല്ല ബ്ലാസ്റ്റേഴ്സിനോടു യാത്ര പറയുന്നതെന്നു സമൂഹമാധ്യമ പോസ്റ്റിൽ സദൂയി കുറിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ തിരിച്ചുവരവിനു സാധ്യത കുറവാണ്. ഈ വർഷം മേയ് 31 വരെ മാത്രമാണു സദൂയിക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. ഐഎസ്എൽ എന്നു തുടങ്ങുമെന്നും എന്തായിരിക്കും അതിന്റെ രൂപമെന്നും ഇപ്പോഴും വ്യക്തമല്ല. താരത്തിളക്കമില്ലാത്ത ലീഗാണു വരുന്നതെങ്കിൽ ‘വിലയേറിയ’ വിദേശ കളിക്കാർ എത്താൻ സാധ്യത കുറവ്.
ലൂണയ്ക്ക് ഒരു വർഷത്തേക്കു കൂടി ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവു സാധ്യത വിരളം. സദൂയി കൂടി ക്ലബ് വിട്ടതോടെ ദുഷാൻ ലഗാതോറും യുവാൻ റോഡ്രിഗസും കോൾദോ ഒബെയ്റ്റയും മാത്രമാണു ടീമിൽ അവശേഷിക്കുന്ന വിദേശ താരങ്ങൾ. ഇവരും ക്ലബ് വിടാനാണു സാധ്യത.
കഴിഞ്ഞ ഐഎസ്എൽ സീസൺ പൂർത്തിയായതിനു ശേഷം 6 വിദേശ കളിക്കാരാണു ബ്ലാസ്റ്റേഴ്സ് വിട്ടത്. മിലോസ് ഡ്രിൻസിച്ചും ക്വാമെ പെപ്രയും പോലുള്ള താരങ്ങൾ മടങ്ങിയതിന് ഐഎസ്എൽ മുടങ്ങിയതുമായി ബന്ധമുണ്ടായിരുന്നില്ല.
English Summary:








English (US) ·