ന്യായീകരണവും വെളുപ്പിക്കലും കൊള്ളാം, ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്- ജൂഡ്

8 months ago 9

30 April 2025, 09:35 AM IST

Jude Anthany Joseph

ജൂഡ് ആന്തണി ജോസഫ് | Photo: Facebook/ Jude Anthany Joseph

സിനിമാമേഖലയിലെ ഒട്ടേറെപ്പേര്‍ ലഹരിക്കേസില്‍ കുടങ്ങിയിരിക്കുകയാണ്. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും പുറമേ സിനിമയിലും സാന്നിധ്യമുറപ്പിച്ച റാപ്പര്‍ വേടനും കഞ്ചാവുമായി പിടിയിലായി. ലഹരിക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാലയില്‍നിന്ന് പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ വനംവകുപ്പിന്റെ കുരുക്കിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍. ലഹരിവേട്ടയില്‍ പിടിയിലായവരെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ലഹരിക്കേസില്‍ പിടിയിലാവുന്നവരെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

ലഹരി ഉപയോഗം ഒഴിവാക്കിയാല്‍ അവനവനുകൊള്ളാമെന്ന് കുറിച്ച ജൂഡ്, കേസുകളില്‍ അകപ്പെടുന്നവരെ പിന്തുണയ്ക്കുന്നവരോട് കേരളത്തിലെ ലഹരിമുക്തി കേന്ദ്രങ്ങളുടേയും ഇന്നത്തേയും പത്തുവര്‍ഷംമുമ്പത്തേയും കണക്കുകള്‍ താരതമ്യംചെയ്തുനോക്കാന്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജൂഡിന്റെ പ്രതികരണം.

'ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്. ഒരു 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന ഡീ- അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യംചെയ്തു നോക്കിയാല്‍ മതി. ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ', ജൂഡ് കുറിച്ചു.

പുലിപ്പല്ല് കൈവശംവെച്ച കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള റാപ്പര്‍ വേടനെ പിന്തുണച്ച് ഗായകന്‍ ഷഹബാസ് അമന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വേടന്‍ ഇവിടെ വേണമെന്നായിരുന്നു ഷഹബാസ് കുറിച്ചത്. വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ളാറ്റില്‍ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയുമായിരുന്നു കണ്ടെടുത്തത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, വേടന്‍ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Content Highlights: Director Jude Anthany Joseph criticizes supporters of arrested movie personalities successful drugs case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article