‘ന്യൂജനറേഷൻ‌ ഷോട്ടുകൾ’ കളിക്കാത്ത വിരാട് കോലി, 36–ാം വയസ്സിലും ടീമിന്റെ ഏറ്റവും മികച്ച ഫീൽഡർ, വിമർശനം കേൾക്കും മു‍ൻപേ വിരമിക്കൽ’

8 months ago 10

പി.ബാലചന്ദ്രൻ

Published: May 13 , 2025 08:49 AM IST

1 minute Read

  • ഇന്ത്യൻ ക്രിക്കറ്റിൽ ‌ ആധുനീകരണത്തിനു തുടക്കമിട്ട താരമാണ് വിരാട് കോലി

വിരാട് കോലി പരിശീലനത്തിനിടെ.
വിരാട് കോലി പരിശീലനത്തിനിടെ.

1987ൽ, പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലെ അവിശ്വസനീയമായ ഇന്നിങ്സിനു തൊട്ടുപിന്നാലെയായിരുന്നു ഇതിഹാസ താരം സുനിൽ ഗാവസ്കർ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. വിരാട് കോലിയെപ്പോലെ, ഒരു വിരമിക്കൽ ടെസ്റ്റിനു കാത്തുനിൽക്കാതെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗാവസ്കറുടെ മടക്കം. ഇത്രയും നേരത്തെ ഇങ്ങനെയൊരു വിരമിക്കൽ ആവശ്യമായിരുന്നോ എന്ന് പലരും അദ്ദേഹത്തോടു ചോദിച്ചു. ‘എന്തുകൊണ്ടു വിരമിക്കുന്നില്ല’ എന്ന ചോദ്യം കേൾക്കാൻ താൽപര്യമില്ലാത്തതിനാലാണ് ഇപ്പോൾ താൻ വിരമിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഗാവസ്കർ അവർക്കു നൽകിയ മറുപടി. ഇതു തന്നെയാകാം കോലിയുടെയും മനസ്സിലെ ചിന്ത എന്നു തോന്നുന്നു.

കരിയറിലെ ഏറ്റവും മികച്ച ഫോമിൽ അല്ലെങ്കിൽ പോലും അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനം കൂടി അദ്ദേഹം പരിഗണിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്ര പുരുഷൻമാരായ ഗാവസ്കർ മുതൽ സച്ചിൻ തെൻഡുൽക്കർ വരെയുള്ള താരങ്ങൾക്കൊപ്പമാണു കോലിയുടെ സ്ഥാനം. ഇവരെല്ലാം സൗമ്യ മുഖങ്ങളായിരുന്നെങ്കിൽ അൽപംകൂടി പ്രകടനാത്മകമായിരുന്നു കോലിയുടെ സ്വഭാവം. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ആക്രമണോത്സുകതയായിരുന്നു കോലിയുടെ പ്രത്യേകത. ക്ലാസിക് ഷോട്ടുകൾ മാത്രം കളിച്ചാണ് കോലി റൺസ് നേടിയത്.

സ്വിച്ച് ഹിറ്റോ റിവേഴ്സ് സ്വീപ്പോ പോലുള്ള ന്യൂജനറേഷൻ ഷോട്ടുകൾ കോലി കളിക്കാറില്ല. സ്ട്രെയ്റ്റ് ബാറ്റ് ഷോട്ടുകളി‍ൽനിന്നു മാത്രം ഇത്രയേറെ റൺസ് നേടുക നിസ്സാര കാര്യമല്ല. അതുകൊണ്ടുതന്നെ ‘കോച്ചസ് ഡിലൈറ്റ്’ എന്നു കോലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാം. ഇന്ത്യൻ ക്രിക്കറ്റിലെ ആധുനീകരണത്തിനു തുടക്കമിട്ട താരംകൂടിയാണ് കോലി. ഫിറ്റ്നസിന്റെ കാര്യത്തിൽ ടീമിൽ വിപ്ലവകരമായ മാറ്റം തന്നെ അദ്ദേഹം സൃഷ്ടിച്ചു. മുപ്പത്തിയാറാം വയസ്സിലും ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായും വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഒന്നാമനായും തുടരാൻ കോലിക്കു സാധിക്കുന്നു. ഇതിഹാസങ്ങൾ കളമൊഴിയുമ്പോൾ പുതിയൊരു താരോദയം ഉണ്ടാകുന്നത് ഇന്ത്യൻ ക്രിക്കറ്റിൽ പതിവാണ്. കോലിയുടെ കാര്യത്തിലും അത് ആവർത്തിക്കപ്പെടട്ടെ...

(മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമാണ് പി. ബാലചന്ദ്രൻ)

English Summary:

Virat Kohli: The pioneer of modernization successful Indian cricket

Read Entire Article