Published: November 13, 2025 11:05 AM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ഏകദിന ടീമിലെ സ്ഥാനം നിലനിർത്തുന്നതിനായി സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് ബിസിസിഐ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച ഇരുവരോടും ഫിറ്റ്നസ് നിലനിർത്തുന്നതിനും ദേശീയ ടീമിലേക്കു പരിഗണിക്കുന്നതിനുമായി ആഭ്യന്തര ഏകദിന മത്സരങ്ങൾ കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഡിസംബർ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ മുംബൈ ടീമിൽ കളിക്കാൻ രോഹിത് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തര മത്സരം കളിക്കാനുള്ള നിർദേശത്തോട് വിരാട് കോലിയും പ്രതികരിച്ചിട്ടില്ല.
കോലിയോടും രോഹിത്തിനോടും ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ നിർദേശിക്കുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം ഓസീസിനെതിരായ ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇരുവരും ആഭ്യന്തര മത്സരങ്ങൾ കളിച്ച് ഫോം തെളിയിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോലി ഡൽഹിക്കായും രോഹിത് മുംബൈയ്ക്കായും രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചു. എന്നാൽ അടുത്ത പരമ്പരയ്ക്ക് കാത്തുനിൽക്കാതെ ഇരുവരും ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
നവംബർ 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോലിയും രോഹിത്തും ടീമിൽ അംഗങ്ങളായേക്കും. അതിനുശേഷമാണ് വിജയ് ഹസാരെ ടൂർണമെന്റ്. വിജയ് ഹസാരെയിലെ പ്രകടനങ്ങൾ കൂടി പരിഗണിച്ചാകും ജനുവരിയിൽ നടക്കുന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുക.
English Summary:








English (US) ·