പകരംവെക്കാന്‍ മറ്റൊന്നുമില്ല; മുഹമ്മദ് റാഫിയുടെ ഓര്‍മ്മകള്‍ക്ക് 45

5 months ago 6

28 July 2025, 08:24 AM IST

Mohammed Rafi

മുഹമ്മദ് റഫി | വര: ​ഗിരീഷ് കുമാർ | മാതൃഭൂമി

കോട്ടയം: ഗായകൻ മുഹമ്മദ് റാഫി ലോകത്തോട് വിടപറഞ്ഞിട്ട് 45 വർഷം കഴിഞ്ഞു. പക്ഷേ, ആ പാട്ട് മൂളാതെ ഒരു ദിവസംപോലും കടന്നുപോകാത്ത സംഗീതപ്രേമികളുണ്ടാവില്ല. സംഗീതം തലയ്‌ക്കുപിടിക്കാത്തവരാണ് കോട്ടയംകാരെന്ന് പറയുന്നവർക്കിടയിൽപോലും റാഫി കാലാതീതമായി മൂളിനടക്കുന്നു. ‘‘സംഗീതലോകം ഇന്നാകെ മാറ്റത്തിന്റെ വഴിയിലാണ്. എന്നിട്ടും മുഹമ്മദ് റാഫിയുടെ പാട്ടിനുപകരം മറ്റൊന്നില്ല. ഏത് ഈണങ്ങൾക്കും സ്വരങ്ങൾക്കുമിടയിൽ അസാധാരണമായി ഉയർന്നുനിൽക്കാൻ റാഫിസംഗീതത്തിനു കഴിയുന്നു. ഗംഭീരവും ഭാവാർദ്രവുമായ ആലാപനത്തിൽ എല്ലാം മറന്ന് കേട്ടിരുന്നുപോകും ആ പാട്ടുകൾ’’ നടനും ഗായകനുമായ പ്രേം പ്രകാശ്‌ പറയുന്നു.

പരിമിതികളില്ലാത്ത ഗായകരില്ല. പക്ഷേ റാഫിയുടെ ശബ്ദത്തിൽ എല്ലാ ഈണങ്ങൾക്കും ഇടമുണ്ടായിരുന്നെന്നാണ് സംഗീതപ്രേമികളുടെ പക്ഷം. നൗഷാദും എസ്.ഡി. ബർമനും കിഷോർ കുമാറും ലതാ മങ്കേഷ്‍കറുമൊക്കെയടങ്ങുന്ന പ്രതിഭകൾക്കൊപ്പം മിന്നിനിന്ന അദ്ദേഹത്തിന്റെ വേർപാടിൽ ലതാ മങ്കേഷ്‍കർ പറഞ്ഞതിങ്ങനെയായിരുന്നു. “നമുക്കു ചുറ്റും ഇരുട്ട് പടർന്നിരിക്കുന്നു. പൂർണചന്ദ്രനാണ് അസ്തമിച്ചത്.” പക്ഷേ കാലം ആ പാട്ടുകൾ ഏറ്റുപാടിയതോടെ ആ പൂർണചന്ദ്രൻ ഇന്നും കോട്ടയം പാട്ടരങ്ങിലും കെടാതെയുണ്ട്.

ഇന്നും അദ്ദേഹത്തെപ്പോലെ ഒരു ഗായകൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്നപ്രേം പ്രകാശിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് കോട്ടയം റാഫി പ്രേമികൾ. ശോകവും പ്രണയവും കോമഡിയും ഒക്കെ സുന്ദരമായി ആശബ്ദത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നത് ഓരോത്തരും സ്വന്തം ശബ്ദത്തിൽ ആലപിക്കുമ്പോൾ ഉറപ്പായും അത് കോട്ടയത്തിന്റെ സൗന്ദര്യമുള്ള ‘സുഹാനി രാത്’ സന്ധ്യയാകും. അതിന് കാത്തിരിക്കാം.

‘സുഹാനി രാത്’ 31-ന്

ആ ഓർമ്മയിൽ ഒരു സംഗീത സാഹായ്നം ഒരുക്കുകയാണ് കോട്ടയത്തെ റാഫി പാട്ടുപ്രേമികൾ. മുഹമ്മദ് റാഫിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റി ജൂലായ് 31-ന് പാട്ടുമായി ഒത്തുകൂടും. വൈകീട്ട് അഞ്ചിന് കെപിഎസ് മേനോൻ ഹാളിൽ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ കോർത്തിണക്കി ‘സുഹാനി രാത്’ ഗാനസന്ധ്യ അവതരിപ്പിക്കും.

ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ സംഗീത ഗവേഷകൻ രവിമേനോൻ മുഖ്യാതിഥിയായിരിക്കും. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രൊഫഷണൽ ഗായകർ ഉൾപ്പെടെയുള്ളവർ പാടും. പ്രവേശനം സൗജന്യം.

Content Highlights: 45 years aft his passing, Mohammed Rafi`s euphony continues to enchant

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article