പകരക്കാരനായിറങ്ങി ഗോളും അസിസ്റ്റും; ഉജ്വല തിരിച്ചുവരവുമായി മെസ്സി, മയാമിക്ക് ജയം

5 months ago 6

17 August 2025, 10:45 AM IST

lionel messi

ലയണൽ മെസ്സി | AP

ഫ്‌ളോറിഡ: തകര്‍പ്പന്‍ പ്രകടനവുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോള്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് ജയം. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് മയാമി എല്‍എ ഗാലക്‌സിയെ തകര്‍ത്തു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ പകരക്കാരനായിറങ്ങിയ മെസ്സി ഗോളും അസിസ്റ്റും കണ്ടെത്തിയതോടെയാണ് മയാമി ജയിച്ചുകയറിയത്.

എല്‍എ ഗാലക്‌സിക്കെതിരേ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകന്‍ ഹാവിയര്‍ മഷറാനോ മയാമി ടീമിനെ കളത്തിലിറക്കിയത്. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മെസ്സിയെ പകരക്കാരനായി ഇറക്കാനായിരുന്നു കോച്ചിന്റെ പദ്ധതി. 43-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ മയാമി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ മെസ്സിയെ കളത്തിലിറക്കിയെങ്കിലും 59-ാം മിനിറ്റില്‍ എല്‍എ ഗാലക്‌സി തിരിച്ചടിച്ചതോടെ ടീം പുരുങ്ങലിലായി. ജോസഫ് പെയിന്റ്‌സിലാണ് വല കുലുക്കിയത്.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും മെസ്സി ടീമിന്റെ രക്ഷകനായി അവതരിച്ചു. 84-ാം മിനിറ്റില്‍ കിടിലന്‍ സോളോ ഗോളിലൂടെ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. പിന്നാലെ 89-ാം മിനിറ്റില്‍ കിടിലന്‍ അസിസ്റ്റും. പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ നിന്ന് മെസ്സിയുടെ ബാക്ക്ഹീല്‍ പാസ്സ് പിടിച്ചെടുത്ത സുവാരസ് മികച്ച ഫിനിഷിലൂടെ ലക്ഷ്യം കണ്ടതോടെ മയാമി ജയത്തോടെ മടങ്ങി.

എംഎല്‍എസ് ഈസ്റ്റേൺ കോണ്‍ഫറന്‍സില്‍ നിലവില്‍ അഞ്ചാമതാണ് മെസ്സിയും സംഘവും. 24 മത്സരങ്ങളില്‍ നിന്ന് 13 ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 45 പോയന്റാണ് ടീമിനുള്ളത്.

Content Highlights: Messi returns with stunning extremity and assistance for Inter Miami

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article