.jpg?%24p=a55d213&f=16x10&w=852&q=0.8)
പി.ജെ ആൻറണി | Photo: Mathrubhumi
'എന്റെ നാല് മക്കളെപെറ്റ നീയോ നാരായണി' എന്ന നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ ചോദ്യവും മുഖഭാവവും ഹൃദയഭേദകമാണ്. പി.ജെ. ആന്റണി എന്ന മഹാനടന് മാത്രം സഫലീകരിക്കാനാകുന്ന, പൂര്‍ണത നല്‍കാനായ രംഗം. ആ ചോദ്യം പ്രേക്ഷക ഹൃദയത്തിലേക്ക് മുനയുള്ള ആയുധം പോലെ ആഴ്ന്നിറങ്ങുകയും ഉണങ്ങാത്ത മുറിവ് തീര്‍ക്കുകയും ചെയ്തു. ആസ്വാദക ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് വെളിച്ചപ്പാടിന്റേത്. ഒരിക്കലും കാണാന്‍ പാടില്ലാത്ത രംഗത്തിന് ദൃക്സാക്ഷിയാകുമ്പോഴാണ് വെളിച്ചപ്പാടില്‍ നിന്ന് ഗദ്ഗദത്തിന്റെ വാക്കുകള്‍ പുറത്തുവരുന്നത്. നാരായണി (കവിയൂര്‍ പൊന്നമ്മ) പറയുന്ന മറുപടി വെളിച്ചപ്പാടിന്റെ ദുരന്തം പൂര്‍ത്തീകരിക്കുന്നു.പള്ളിവാളും കാല്‍ചിലമ്പും എന്ന സ്വന്തം കഥയ്ക്ക് തിരക്കഥ തയ്യാറാക്കി എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത പ്രഥമ രചനയാണ് നിര്‍മാല്യം. സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ നിര്‍മ്മാല്യത്തിലൂടെ പി.ജെ. ആന്റണി ഏറ്റവും മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി. പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണിത്.
ബഹുമുഖപ്രതിഭ എന്ന വാക്കിന്റെ പര്യായം പോലെയാണ് പി.ജെ. നാടകരചയിതാവ്, സംവിധായകന്‍, അഭിനേതാവ്, സിനിമാനടന്‍, സിനിമാ-നാടക രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹം ശ്രദ്ധനേടിയിരുന്നു. നിര്‍മ്മാല്യത്തിലൂടെ ഒരു തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. നാടകരംഗത്തെ അതികായന്മാരായ എന്‍.എന്‍.പിള്ള, എസ്.എന്‍.പുരം സദാനന്ദന്‍, കലാമണ്ഡലം കൃഷ്ണന്‍നായര്‍, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ത്തുവെക്കേണ്ട പേരാണ് പി.ജെ. ആന്റണിയുടേത്. നാടകരംഗത്തെ അനുഭവങ്ങളുമായാണ് അദ്ദേഹം സിനിമയിലെത്തിയത്. അവിടെയും സ്വന്തം സ്ഥാനം പി.ജെ.ക്ക് നേടിയെടുക്കാനായത് പ്രതിഭാവിലാസം കൊണ്ടുതന്നെ. നദി, അദ്ദേഹം എഴുതിയ തിരക്കഥകളില്‍ വേറിട്ടുനില്‍ക്കുന്നതാണ്. നദിയില്‍ അഭിനേതാവ് എന്ന നിലയിലും അദ്ദേഹം തിളങ്ങി. വേനല്‍ക്കാലം ചിലവഴിക്കുവാന്‍ പെരിയാറില്‍ ആലുവാതീരത്തെത്തി കെട്ടുവള്ളത്തില്‍ കഴിയുന്ന രണ്ടു കുടുംബങ്ങളുടെ കഥപറയുന്ന നദി വിന്‍സെന്റ് സംവിധാനം ചെയ്ത് പ്രേംനസീര്‍, ശാരദ മധു തുടങ്ങിയവര്‍ അണിനിരന്ന പടമാണ്.
വളരെ ശ്രദ്ധയോടെയും തയ്യാറെടുപ്പോടെയുമാണ് പി.ജെ. ആന്റണി ഓരോ കഥാപാത്രത്തേയും രംഗത്തും സ്‌ക്രീനിലും അവതരിപ്പിച്ചത്. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടാകാന്‍ പി.ജെ.ക്ക് കഴിഞ്ഞത് ഒരു നിമിത്തം തന്നെയായിരുന്നു. എം.ടി. വാസുദേവന്‍ നായരുടെ മനസ്സില്‍ വെളിച്ചപ്പാടിന്റെ റോളിന് ആദ്യം തെളിഞ്ഞ പേര് ശങ്കരാടിയുടേതായിരുന്നു. അദ്ദേഹമാണ് പി.ജെ. ആന്റണിയെ നിര്‍ദ്ദേശിച്ചത്. എം.ടി.ക്കത് സ്വീകാര്യമായി. പി.ജെ.യും എം.ടി.യും തമ്മിലെ സൗഹൃദവും അതിനൊരു കാരണമായി. ചില കഥാപാത്രങ്ങളെ തേടി നടീനടന്മാര്‍ പോകുന്നതുപോലെ ചില കഥാപാത്രങ്ങള്‍ അഭിനേതാക്കളെ തേടിയെത്തുകയും ചെയ്യുന്നു. പകരക്കാരനായി എത്തുന്നതും സിനിമയില്‍ സംഭവിക്കാറുണ്ട് - യാദൃച്ഛികതയ്ക്കും നിമിത്തത്തിനും സിനിമയില്‍ വലിയ റോളുണ്ട്. നിര്‍മ്മാല്യത്തില്‍ വെളിച്ചപ്പാടായി അഭിനയിക്കാമോ എന്ന് ചോദിച്ചുകൊണ്ട് ഒരു പ്രത്യേക ദൂതന്‍വഴി എം.ടി. കൊടുത്തയച്ച കത്തിന് പി.ജെ. ആന്റണി എഴുതിയ മറുപടി 'എപ്പോള്‍ വരണം' എന്നായിരുന്നു. പള്ളിവാളും കാല്‍ചിലമ്പും വായിച്ചിരുന്ന ആന്റണിക്ക് വെളിച്ചപ്പാടിനെ ഉള്‍ക്കൊള്ളുവാനാകുമായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് ലൊക്കേഷനിലെത്തി അദ്ദേഹം വെളിച്ചപ്പാടായി മാറുന്നതിനുള്ള പരിശീലനം ആരംഭിച്ചു. വെളിച്ചപ്പാടിന്റെ ഭാവഹാവാദികള്‍ ഹൃദിസ്ഥമാക്കി അവതരിപ്പിക്കുന്നതിനേക്കാള്‍ പ്രയാസം ആ തുള്ളല്‍ അതേപടി ചെയ്യുന്നതാണെന്ന് മനസ്സിലാക്കി പി.ജെ. ആന്റണി, ഒറിജിനല്‍ വെളിച്ചപ്പാടില്‍ നിന്നാണ് തുള്ളാനും വെളിച്ചപ്പെടാനും പഠിച്ചത്. പട്ടിണിയും പരിവട്ടവുമായിരുന്നു അന്നത്തെ അമ്പലവാസികളുടെ സ്ഥിതി. വല്ലപ്പോഴും മാത്രമേ ചുറ്റുവിളക്കുകള്‍ പോലെ വെളിച്ചപ്പാടിന്റെ സാന്നിധ്യമുള്ള വഴിപാടുകള്‍ നടത്തുക പതിവുണ്ടായിരുന്നുള്ളൂ. ഇന്നത്തെപോലെ അമ്പലങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലാത്ത കാലത്താണ് വെളിച്ചപ്പാടിന്റെ കുടുംബപശ്ചാത്തലത്തില്‍ നിര്‍മ്മാല്യം എം.ടി. സംവിധാനം ചെയ്തത്. ഗത്യന്തരമില്ലാതെ മകന്‍ പള്ളിവാളും കാല്‍ചിലമ്പും വില്‍ക്കുവാന്‍ തുനിയുന്നതും വെളിച്ചപ്പാട് തടയുന്നതും ശക്തമായ അവതരണത്താല്‍ ശ്രദ്ധേയമാണ്. മകനായി സുകുമാരനും മകളായി സുമിത്രയുമാണ് വേഷമിട്ടത്. യഥാര്‍ത്ഥ ക്ഷേത്രത്തില്‍ തന്നെയായിരുന്നു ഷൂട്ട്. ചിത്രീകരണത്തിന്റെ ആവശ്യത്തിനായി നടത്തിയ പൂരമാണ് നാം നിര്‍മ്മാല്യത്തില്‍ കാണുന്നത്. യഥാര്‍ത്ഥ പൂരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ് ഇതിലുള്ള പൂരം. ഇടശ്ശേരിയുടെ കവിതകള്‍ പാട്ടിനു പകരമായി.
കായികമായ അധ്വാനം കൂടിയുള്ള റോളായിരുന്നു വെളിച്ചപ്പാടിന്റേത്. പൂരപ്പറമ്പില്‍ ഓടിനടന്നുള്ള തുള്ളലും നെറ്റിയില്‍ വെട്ടുന്നതും എല്ലാം യഥാതഥമായി അനുഭവപ്പെടുന്നത് പി.ജെ. ആന്റണിയുടെ അഭിനയ മികവുകൊണ്ടുതന്നെ. നിര്‍മ്മാല്യത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ പുറംവേദനയും ലഭിച്ചുവെന്നാണ് പി.ജെ. എം.ടി.യോട് പറഞ്ഞത്. അവരിരുവരും ഒരുമിച്ച് ഡല്‍ഹിയില്‍ എത്തിയാണ് ദേശീയ അവാര്‍ഡ് സ്വീകരിച്ചത്. രണ്ടു മഹാരഥന്മാര്‍ ഒരുമിച്ച് അവാര്‍ഡ് സ്വീകരിക്കുന്നതും ഒരു അപൂര്‍വ്വത തന്നെയായിരുന്നു.
നായകനായും വില്ലനായും സഹനടനായും തിളങ്ങിയ പി.ജെ. ആന്റണിയുടെ അഭിനയജീവിതത്തിലെ മറ്റൊരു അവിസ്മരണീയമായ കഥാപാത്രമാണ് ഭാര്‍ഗവിനിലയത്തിലെ വില്ലന്‍. ഗായകനെ (പ്രേംനസീര്‍) വിഷംകൊടുത്ത് കൊല്ലുന്ന ക്രൂരനും നിഷ്ഠൂരനുമായ വില്ലന്‍ കഥാപാത്രത്തെ കടുപ്പിച്ച നോട്ടങ്ങളിലൂടെ, വില്ലന്‍ചിരിയിലൂടെ പി.ജെ. മികവുറ്റതാക്കി. അവസാനം ഗായകന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന് സാഹിത്യകാരന്‍ (മധു) മനസ്സിലാക്കിയെന്ന് അറിയുമ്പോള്‍ ' എല്ലാം തിരിച്ചറിഞ്ഞുവല്ലേ' എന്ന ചോദ്യത്തില്‍ മറ്റൊരു കെണിയും വെളിപ്പെടുന്നു. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് ഭാര്‍ഗ്ഗവിനിലയം.
നാടകരംഗത്ത് സജീവമായിരുന്ന പി.ജെ. ആന്റണി ഇടയ്ക്കും തലയ്ക്കും മാത്രമാണ് സിനിമയിലെത്തിയിരുന്നത്. അതും തനിക്ക് ബോധിച്ച കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ മാത്രം. പക്ഷേ, രണ്ടിടങ്ങഴി, മൂലധനം തുടങ്ങിയ പടങ്ങള്‍ മുതല്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ വ്യത്യസ്ത പുലര്‍ത്തിയിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ പി.ജെ.ക്ക് സ്വീകരിക്കുവാന്‍ സാധിച്ചു. വ്യക്തി എന്ന നിലയിലും അദ്ദേഹം സ്വന്തം അഭിപ്രായം തുറന്നുപറയുവാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. പ്രതികരണശേഷി എന്നും നിലനിര്‍ത്തിയിരുന്ന നടനായിരുന്നു അദ്ദേഹം. തിരക്കഥാകൃത്തെന്ന നിലയ്ക്കു മാത്രമല്ല, ഗാനരചയിതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമായിരുന്നു. 'മനോഹരീ മറഞ്ഞുനില്‍ക്കുവതെന്തേ' (യേശുദാസ്), 'ബിന്ദു ഒതുങ്ങിനില്‍പ്പൂ നിന്നിലൊരുള്‍ക്കട ശോകത്തിന്‍ സിന്ധു' (ജയചന്ദ്രന്‍), 'ആകാശഗംഗ' (ജാനകി) തുടങ്ങിയ എവര്‍ഗ്രീന്‍ ഗാനങ്ങളായി പരിഗണിക്കപ്പെടുന്നു. പദഭംഗികൊണ്ടും അര്‍ത്ഥസമ്പന്നതയാലും പി.ജെ.യുടെ ഗാനങ്ങള്‍ വേറിട്ടുനില്‍ക്കുന്നു - മുഹൂര്‍ത്തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വരികള്‍.
മലയാളസിനിമയിലെ പകരംവെക്കാനില്ലാത്ത നടന്മാരുടെ നിരയില്‍ പി.ജെ. ആന്റണിക്കും സ്ഥാനമുണ്ട്. വെളിച്ചപ്പാടായും ഭാര്‍ഗ്ഗവീനിലയത്തിലെ വില്ലനായും നദിയിലെ കുടുംബനാഥനായും സ്‌ക്രീനില്‍ പകര്‍ന്നാടുവാന്‍ മറ്റൊരു നടനില്ല എന്ന് പ്രേക്ഷര്‍ ചിന്തിക്കുമ്പോള്‍ അത് അഭനേതാവെന്ന നിലക്കുള്ള പി.ജെ.യുടെ ഔന്നത്യം തന്നെയാണ് സ്പഷ്ടമാക്കുന്നത്. ജന്മശദാബ്ദിയില്‍ ഒരു പുനര്‍കാഴ്ച, പുനര്‍വായന, വിചിന്തനം ആവശ്യപ്പെടുന്ന, അര്‍ഹിക്കുന്ന പ്രതിഭയാണ് പി.ജെ. ആന്റണി.
Content Highlights: pj-antony-centenary-tribute
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·