Published: May 27 , 2025 10:49 AM IST
1 minute Read
മുംബൈ∙ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മുംബൈ ഇന്ത്യൻസ് താരമെന്ന നേട്ടത്തിൽ സച്ചിൻ തെൻഡുൽക്കറെ മറികടന്ന് സൂര്യകുമാർ യാദവ്. 2010 സീസണിൽ സച്ചിൻ നേടിയ 618 റൺസ് എന്ന റെക്കോർഡാണ് 15 വർഷത്തിനു ശേഷം സൂര്യ തിരുത്തിയെഴുതിയത്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 640 റൺസാണ് സൂര്യയുടെ നേട്ടം.
പഞ്ചാബ് കിങ്സിനെതിരായ അവസാന ലീഗ് മത്സരത്തിൽ അർധസെഞ്ചറി നേടിയതോടെയാണ് സൂര്യകുമാർ സച്ചിന്റെ റെക്കോർഡ് പിന്തള്ളിയത്. 39 പന്തുകൾ നേരിട്ട സൂര്യ 57 റൺസാണ് നേടിയത്. ഇന്നിങ്സിലെ അവസാന പന്തിൽ അർഷ്ദീപിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായ സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്കോററും.
ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ്. 14 ഇന്നിങ്സുകളിൽനിന്ന് 52.23 ശരാശരിയിൽ 679 റൺസുമായി ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണർ സായ് സുദർശനാണ് ഒന്നാമത്. ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ഗിൽ 14 ഇന്നിങ്സുകളിൽനിന്ന് 54.08 ശരാശരിയിൽ 649 റൺസുമായി രണ്ടാമതുണ്ട്.
ആദ്യ പത്തിലുള്ള താരങ്ങളിൽ ഉയർന്ന ശരാശരിയും ആദ്യ എട്ടിലുള്ള താരങ്ങളിൽ ഉയർന്ന സ്ട്രൈക്ക് റേറ്റും സൂര്യയ്ക്കാണ്. സീസണിലാകെ 32 സിക്സറുകളുമായി ഈ പട്ടകയിൽ രണ്ടാമതാണ് സൂര്യ. 40 സിക്സറുകളുമായി ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിൻഡീസ് താരം നിക്കോളാസ് പുരാനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 32 സിക്സറുകളുമായി മിച്ചൽ മാർഷും സൂര്യയ്‌ക്കൊപ്പമുണ്ട്.
English Summary:








English (US) ·