മുംബൈ∙ പഞ്ചാബ് കിങ്സിൽ എല്ലാവർക്കും തുല്യ പരിഗണനയാണെന്നും, മുതിർന്ന താരമായ യുസ്‌വേന്ദ്ര ചെഹലും ടീം ബസിന്റെ ഡ്രൈവറുമെല്ലാം ഒരുപോലെയാണെന്നും ടീമംഗമായ ശശാങ്ക് സിങ്. ടീമിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരെയും ഒരുപോലെ കാണുന്ന സമീപനമാണ് ടീം മാനേജ്മെന്റിന്റേത്. ടീമിന്റെ ആദ്യ യോഗത്തിൽത്തന്നെ അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ശശാങ്ക് സിങ് വെളിപ്പെടുത്തി. പരിശീലകനായി റിക്കി പോണ്ടിങ്ങും ക്യാപ്റ്റനായി ശ്രേയസ് അയ്യരും എത്തിയത് എപ്രകാരമാണ് ടീമിനെ മാറ്റിമറിച്ചത് എന്നു വിശദീകരിക്കുമ്പോഴാണ് ശശാങ്ക് സിങ് ഇക്കാര്യം പറഞ്ഞത്.
‘‘ആദ്യ ദിനം തന്നെ റിക്കി പോണ്ടിങ്ങും ശ്രേയസ് അയ്യരും അവരുടെ നയം ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. എല്ലാവരെയും ഒരുപോലെയേ കാണൂ എന്നാണ് ആദ്യം തന്നെ അവർ പറഞ്ഞത്. അതായത് ടീമിലെ മുതിർന്ന താരമായ യുസ്‌വേന്ദ്ര ചെഹലായാലും ടീം ബസിന്റെ ഡ്രൈവറായാലും ഒരേപോലെ കാണും എന്ന രീതിയിലായിരുന്നു അവരുടെ വിശദീകരണം. ആ നിലപാട് ഇന്നുവരെ അവർ പാലിച്ചിട്ടുമുണ്ട്’ – ശശാങ്ക് സിങ് പറഞ്ഞു.
‘‘യുസ്‌വേന്ദ്ര ചെഹലിനോട് എങ്ങനെ പെരുമാറിയോ, അങ്ങനെ തന്നെയാണ് അവർ ടീം ബസിലെ ഡ്രൈവറോടും പെരുമാറിയത്. എല്ലാവരെയും തുല്യരായിത്തന്നെ ഇരുവരും കണ്ടു. പഞ്ചാബ് കിങ്സ് എന്താണ് എന്ന് ഇതിൽനിന്നു തന്നെ വ്യക്തമല്ലേ’ – ശശാങ്ക് സിങ് ചൂണ്ടിക്കാട്ടി.
ഈ സീസണിൽ ടീമിന്റെ പരിശീലകനായ ഓസീസ് മുൻ താരം റിക്കി പോണ്ടിങ് ടീമിന്റെ ശൈലി തന്നെ മാറ്റിമറിച്ചതായി ശശാങ്ക് സിങ് വെളിപ്പെടുത്തി. പഞ്ചാബ് കിങ്സ് ടീമിലെ ഓരോ താരത്തിന്റെയും ആത്മവിശ്വാസം ഉയർത്താൻ പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ടെന്നും ശശാങ്ക് സിങ് അഭിപ്രായപ്പെട്ടു.
‘‘ഈ ടീമിനെത്തന്നെ പോണ്ടിങ് മാറ്റിമറിച്ചു. ഞങ്ങളുടെ മനോഭാവത്തിൽ പോലും മാറ്റം വരുത്തി. ഞങ്ങളുടെ വിശ്വാസങ്ങൾ തകിടം മറിച്ചു. ടീമിനു കൈവന്ന മാറ്റത്തിനും ഈ സീസണിലെ മുന്നേറ്റത്തിനും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്. കളിയോടുള്ള ഞങ്ങളുടെ സമീപനത്തിൽ അത്രയ്ക്ക് വ്യത്യാസമാണ് അദ്ദേഹം വരുത്തിയത്. പരസ്പര ബന്ധത്തിലായാലും ആത്മവിശ്വാസത്തിലായാലും പരസ്പര ബഹുമാനത്തിലായാലും അദ്ദേഹം പൊസിറ്റീവായ മാറ്റം വരുത്തി. ഇതൊക്കെ പറയുമ്പോൾ വളരെ എളുപ്പമാണെന്നു തോന്നാം. പക്ഷേ പ്രായോഗിക തലത്തിൽ അങ്ങനെയല്ല’– ശശാങ്ക് സിങ് പറഞ്ഞു.
ശ്രേയസ് അയ്യർക്കു കീഴിൽ കളിക്കാനായാതും കരിയറിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ് ശശാങ്ക് സിങ് പറഞ്ഞു. ‘‘വളരെ അടുത്ത സുഹൃത്താണ് ശ്രേയസ്. കഴിഞ്ഞ 10–15 വർഷമായി എനിക്ക് ശ്രേയസിനെ അറിയാം. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാനായത് വലിയ ഭാഗ്യമാണ്. എല്ലാവർക്കും അദ്ദേഹം നൽകുന്ന സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്.’
‘‘എല്ലാവരും എന്നു ഞാൻ പറയുമ്പോൾ ടീമിലെ 25 പേരും അതിൽ ഉൾപ്പെടും. അവർക്കു പുറമേ ടീമിലെ സപ്പോർട്ട് സ്റ്റാഫ്, മിഡിയ ടീം, ലൊജിസ്റ്റിക്.. എല്ലാവരും ഉണ്ട്. എല്ലാവർക്കും അയ്യർ നൽകുന്ന സ്വാതന്ത്ര്യം ശ്ലാഘനീയമാണ്. ആ രീതിയിൽ ടീമിൽ നല്ലൊരു സംസ്കാരം തന്നെ അദ്ദേഹം രൂപപ്പെടുത്തി. പരസ്പരമുള്ള ബന്ധവും സ്നേഹവും വർധിച്ചു. ഇക്കാര്യം ആദ്യ യോഗത്തിൽത്തന്നെ പോണ്ടിങ്ങും ശ്രേയസും ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെയെല്ലാം ഫലമാകാം ഈ സീസണിൽ ടീമിന്റെ പ്രകടനത്തിലുണ്ടായ വ്യത്യാസം’ – ശശാങ്ക് സിങ് പറഞ്ഞു.
English Summary:








English (US) ·