പടം ബോക്സോഫീസിൽ തകർന്നു, ഇപ്പോൾ 25 ലക്ഷം രൂപ പിഴയും; തലവേദന ഒഴിയാതെ 'ത​ഗ് ലൈഫ്'

6 months ago 6

Thug Life

ത​ഗ് ലൈഫ് എന്ന ചിത്രത്തിൽ ചിമ്പുവും കമൽഹാസനും | ഫോട്ടോ: x

37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്നു എന്ന പ്രതീക്ഷയോടെ വന്ന ചിത്രമാണ് 'ത​ഗ് ലൈഫ്'. വൻതാരനിരയിലെത്തിയ ചിത്രം പ്രതീക്ഷകൾക്ക് വിപരീതമായി ബോക്സോഫീസിൽ തകർന്നടിഞ്ഞു. കന്നഡ ഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തിയ പ്രസ്താവനയെത്തുടർന്ന് കർണാടകയിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ തിരിച്ചടി നിലനിൽക്കേയാണ് വമ്പൻ പരാജയമായത്. ഇപ്പോഴിതാ ചിത്രം മറ്റൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.

ജൂൺ അഞ്ചിനായിരുന്നു 'ത​ഗ് ലൈഫ്' റിലീസ് ചെയ്തത്. ബോക്സോഫീസിലെ മോശം പ്രകടനത്തെത്തുടർന്ന് റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ മിക്ക തിയേറ്ററുകളിൽനിന്നു ചിത്രം പിൻവലിക്കുകയും ചെയ്തു. നെറ്റ്ഫ്ലിക്സായിരുന്നു സിനിമയുടെ ഒടിടി അവകാശം വാങ്ങിയിരുന്നത്. തിയേറ്ററുകളിൽനിന്ന് ഏതാണ്ട് പിൻവലിഞ്ഞതോടെ ചിത്രം നേരത്തേ ഒടിടിയിലെത്തിക്കാൻ അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ടായിരുന്നു. ഇക്കാരണത്താൽ ചിത്രത്തിന് വൻതുക പിഴ ചുമത്താൻ ഉത്തരേന്ത്യയിലെ മൾട്ടിപ്ലക്സ് ശൃംഖലകൾ തീരുമാനിച്ചിരിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

ഉത്തരേന്ത്യയിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങും തമ്മിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാൽ നാല് ആഴ്ചകൾക്ക് ശേഷംതന്നെ 'തഗ് ലൈഫ്' ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ മൾട്ടിപ്ലെക്സുകളുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത്. ഇതിനിടെത്തുടർന്ന് 25 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നാണ് 'തഗ് ലൈഫ്' അണിയറപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് റിപ്പോർട്ട്. 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. പറഞ്ഞതിലും നേരത്തേ ഒടിടി റിലീസ് ഉണ്ടാവുമെന്നതിനാൽ ഈ തുക നെറ്റ്ഫ്ളിക്സ് വെട്ടിക്കുറച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽനിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്തത്. ആദ്യദിനം 15.5 കോടിയായിരുന്നു കളക്ഷൻ. എന്നാൽ, മോശം അഭിപ്രായം വന്നതോടെ കളക്ഷൻ താഴെപ്പോവുകയായിരുന്നു. കമൽഹാസൻ, ചിമ്പു, തൃഷ, ഐശ്വര്യ ലക്ഷ്മി, അലി ഫസൽ, ജോജു ജോർജ്, നാസർ, അഭിരാമി, അശോക് സെൽവൻ തുടങ്ങിയവരാണ് തഗ് ലൈഫിൽ പ്രധാനവേഷങ്ങളിലെത്തിയത്. കമൽഹാസൻ സഹ-രചനയും സഹ-നിർമ്മാണവും നിർവ്വഹിച്ച ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിച്ചത്.

Content Highlights: Kamal Haasan`s Thug Life faces a ₹25 lakh punishment for aboriginal Netflix release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article