
ലിസ്റ്റിൻ സ്റ്റീഫൻ, ധ്യാൻ ശ്രീനിവാസൻ | Photo: Facebook/ Listin Stephen, Dhyan Sreenivasan
നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രമുഖ നടനെതിരായ വിവാദപരാമര്‍ശത്തില്‍ തമാശരൂപേണ പ്രതികരണവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. മാലപ്പടക്കത്തിന് തിരികൊളുത്തിയെന്ന് ലിസ്റ്റിന്‍ പറഞ്ഞ നടന്‍ താനാണെന്ന് ധ്യാന്‍ പറഞ്ഞു. പുതിയ ചിത്രത്തിന് ശ്രദ്ധലഭിക്കാനായാണ് ലിസ്റ്റിന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ധ്യാന്‍ പറഞ്ഞു. ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ് നിര്‍മിച്ച ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
'ഞാന്‍ മലയാള സിനിമയില്‍ അളിയാ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'ക്ക് പ്രൊമോഷന്‍ പരിപാടി ഇല്ലേയെന്ന് സംവിധായകന്‍ ബിന്റോ സ്റ്റീഫനോട് ചോദിച്ചു. പ്രൊമോഷന്‍ ഒന്നുംവേണ്ട, ഇന്റര്‍വ്യൂ ഒന്നും കൊടുക്കണ്ട, തീയേറ്ററില്‍ കണ്ടാമതിയെന്ന് ദിലീപേട്ടന്‍ പറഞ്ഞെന്ന് ബിന്റോ പറഞ്ഞു. പക്ഷേ, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ബുദ്ധിരാക്ഷസനെ നിങ്ങള്‍ തിരിച്ചറിയണം. പ്രൊമോഷന്‍ ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു സിനിമ ആള്‍ക്കാരിലേക്ക് എങ്ങനെ എത്തും? ദിലീപേട്ടന്റെ സിനിമയ്ക്ക് അതിന്റെ ആവശ്യമില്ലെങ്കില്‍ പോലും, ഇവിടെ വലിയ വലിയ സിനിമകള്‍, തെലുങ്കില്‍നിന്നുപോലും പ്രഭാസും നാനിയൊക്കെ ഇവിടെവന്ന് പടം പ്രൊമോട്ട് ചെയ്യുകയാണ്', ധ്യാന്‍ പറഞ്ഞു.
'ഈ സിനിമ ആളുകളിലേക്കെത്താന്‍, പ്രീറിലീസ് ഇന്റര്‍വ്യൂയൊക്കെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യണമെന്ന് ലിസ്റ്റിന്‍ എന്ന ബുദ്ധിരാക്ഷസന്‍ തീരുമാനിച്ചു. എങ്ങനെ ഇതിന്റെ റീച്ച് വരുത്തും? മാര്‍ക്കറ്റിങ് സിംഹം, അങ്ങനെയൊരു കള്ളക്കഥ മെനയുകയാണ് പുള്ളി. ഇതിന് മുമ്പ് ഇതുപോലൊരു വേദിയില്‍ അദ്ദേഹം ഒരു കമന്റ് പറഞ്ഞു, 'മാലപ്പടക്കത്തിന് ഒരാള്‍ തിരികൊളുത്തിയിരിക്കുന്നു'. അപ്പോള്‍ സ്വാഭാവികമായും പലരും എന്നെ വിളിച്ചുചോദിക്കുന്നു. 'എടാ നിന്നെ ഉദ്ദേശിച്ചാണോ' എന്ന് ചോദിക്കുന്നു. സ്വാഭാവികമായും പടക്കം, മാല... അങ്ങനെ ഞാന്‍ ഭയന്നു', ധ്യാന്‍ പരിഹസിച്ചു.
'പിറ്റേദിവസം രാവിലെ തന്നെ ഞാന്‍ അളിയനെ വിളിച്ചു. സംസാരിച്ചു. അപ്പോള്‍ എനിക്ക് പറയാനുള്ളത്, ആ പ്രമുഖ നടന്‍ വേറാരുമല്ല, ഞാനാണ്. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തിട്ടുണ്ട്. ഇനി പ്രശ്‌നമില്ല, കഴിഞ്ഞല്ലോ. വേറെ ആരുമല്ല. അത് അദ്ദേഹത്തിന്റെ മാര്‍ക്കിറ്റിങ് സ്ട്രാറ്റജിയുടെ ഭാഗമാണ്. സിനിമ ആളുകളിലേക്ക് എത്തിക്കുക എന്നത് പ്രൊഡ്യൂസറുടെ കടമയാണല്ലോ? അദ്ദേഹം ആ കടമ നിര്‍വഹിച്ചു. ബിബിസി അടക്കം വാര്‍ത്ത ചെയ്തു. എവിടെയോ എത്തി.' നിങ്ങള്‍ ഒരുപാട് ഉയരത്തിലാണെന്നും നിങ്ങള്‍ പറയുന്ന ഓരോ വാക്കും പലരും ശ്രദ്ധിക്കുന്നുണ്ടെന്നും ലിസ്റ്റിനോടായി ധ്യാന്‍ പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍ വിവാദമായിരുന്നു. നടന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. നടന്‍ ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.
ലിസ്റ്റിന്റെ ആരോപണം നിവിന്‍ പോളിക്കെതിരെയാണെന്ന് പിന്നാലെ വ്യാപകപ്രചാരണമുണ്ടായി. 'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ നിന്ന് നായകനായ നിവിന്‍ പോളി ഇറങ്ങിപ്പോയതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് തള്ളി ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ രംഗത്തെത്തിയിരുന്നു. കൊട്ടാരക്കരയിലെ ഒരുപരിപാടിയില്‍ സംസാരിക്കവെ നിവിന്‍ പോളി നടത്തിയ പ്രസംഗം ലിസ്റ്റിനുള്ള മറുപടിയാണെന്ന് വ്യാഖ്യാനമുണ്ടായിരുന്നു.
Content Highlights: Dhyan Sreenivasan reacts to Listin Stephen`s arguable comment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·