Published: January 03, 2026 08:37 PM IST
2 minute Read
ന്യൂഡൽഹി ∙ വിജയ് ഹസാരെ ട്രോഫിയിൽ ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ, തിലക് വർമ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കു സെഞ്ചറി. ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലാണ് ഗുജറാത്തിനു വേണ്ടി കളത്തിലിറങ്ങിയ അക്ഷർ പട്ടേൽ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നിസെഞ്ചറി തികച്ചത്. 111 പന്തിൽ 130 റൺസ് എടുത്ത അക്ഷറിന്റെ ബാറ്റിങ് കരുത്തിൽ മത്സരം ഏഴു റൺസിനു ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്, 5ന് 99 നിലയിൽ പരുങ്ങിയപ്പോഴാണ് സീസണിൽ ആദ്യ മത്സരം കളിക്കുന്ന അക്ഷർ രക്ഷകനായത്. അഞ്ച് സിക്സും 10 ഫോറുമടങ്ങുന്നതായിരുന്നു അക്ഷറിന്റെ ഇന്നിങ്സ്.
അർധസെഞ്ചറി നേടിയ വിശാൽ ജയ്സ്വാളുമായി (60 പന്തിൽ 70) ചേർന്ന് ആറാം വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് അക്ഷർ സൃഷ്ടിച്ച്. ഗുജറാത്ത് ഉയർത്തിയ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രയുടെ ഇന്നിങ്സ്, വിജയത്തിന് തൊട്ടരികിൽ 311 റൺസിൽ അവസാനിക്കുകായിരുന്നു. ആന്ധ്രയ്ക്കു വേണ്ടി ഓപ്പണർ സി.ആർ.ജ്ഞാനേശ്വർ (125 പന്തിൽ 102) സെഞ്ചറി നേടി. ഗുജറാത്തിനു വേണ്ടി രവി ബിഷ്ണോയ് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും വീഴ്ത്തി. ആന്ധ്രയ്ക്കു വേണ്ടി ക്യാപ്റ്റൻ നിതീഷ് കുമാർ റെഡ്ഡി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിങ്ങിൽ 25 റൺസെടുത്ത് പുറത്തായി.
ചണ്ഡിഗഡിനെതിരെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമയും സെഞ്ചറി നേടി. 118 പന്തിൽ 109 റൺസെടുത്ത് തിലകിന്റെ മികവിൽ ആദ്യം ബാറ്റു ചെയ്തു ഹൈദരാബാദ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, ചണ്ഡിഗഡിന്റെ ഇന്നിങ്സ് 37.4 ഓവറിൽ 150 റൺസിൽ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിച്ച മുഹമ്മദ് സിറാജ്, ഹൈദരാബാദിനായി ഒരു വിക്കറ്റ് വീഴ്ത്തി.
ത്രിപുരയ്ക്കെതിരായ മത്സരത്തിലാണ് ദേവ്ദത്ത് പടിക്കൽ സെഞ്ചറി നേടിയത്. ഈ സീസണിലെ അഞ്ച് മത്സരങ്ങളിൽനിന്ന് പടിക്കലിന്റെ നാലാം സെഞ്ചറിയാണ് ഇത്. ആദ്യം ബാറ്റു ചെയ്ത കർണാടക, പടിക്കലിന്റെ സെഞ്ചറിയുടെയും അർധസെഞ്ചറി നേടിയ അഭിനവ് മനോഹറിന്റെയും (43 പന്തിൽ 79), സ്മരണ്‍ രവിചന്ദ്രന്റെയും (82 പന്തിൽ 60) ബാറ്റിങ് കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 332 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ത്രിപുര 49 ഓവറിൽ 252 റൺസിനു പുറത്തായി. കർണാടകയ്ക്കു വേണ്ടി കളിച്ച കെ.എൽ.രാഹുൽ 35 റൺസെടുത്ത് പുറത്തായി. കരുൺ നായർ സംപൂജ്യനായി പുറത്തായി.
സർവീസസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് (37 പന്തിൽ 67*) അർധസെഞ്ചറി നേടി. സർവീസസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പന്തിന്റെയും പ്രിയാൻഷ് ആര്യയുടെയും (45 പന്തിൽ 72*) അർധസെഞ്ചറിക്കരുത്തിൽ 19.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇതോടെ നെറ്റ് റൺ റേറ്റിലും ഡൽഹിക്ക് കുതിപ്പുണ്ടായി. പ്രിയാൻഷും പന്തും ചേർന്ന് മൂന്നാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തു. ഡൽഹിക്കു വേണ്ടി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രിൻസ് യാദവ് മൂന്നും ഇഷാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.
അതേസമയം, ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ശനിയാഴ്ച കളിച്ചില്ല. സിക്കിമിനെതിരായ മത്സരത്തിൽ പഞ്ചാബിനായി ഗിൽ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിൽ അവസാനനിമിഷം താരം പിൻവാങ്ങുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ഗിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതെന്നാണ് വിവരം. അടുത്ത മത്സരത്തിൽ താരം കളിച്ചേക്കും. ഗില്ലിന്റെ അഭാവത്തിലും സിക്കിമിനെതിരെ മിന്നും ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത സിക്കിം 22.2 ഓവറിൽ വെറും 75 റൺസിനു പുറത്തായപ്പോൾ 6.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ പഞ്ചാബ് ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് സിക്കിമിനെ തകർത്തത്.
English Summary:








English (US) ·