12 May 2025, 11:54 AM IST
.jpg?%24p=db82534&f=16x10&w=852&q=0.8)
വിരാട് കോലി |ഫോട്ടോ:AFP
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുൻ ഇന്ത്യന്‍ നായകൻ വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
നേരത്തേ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണമെന്നാണ് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനിൽക്കാതെ കോലി ടെസ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വിരാട് കോലി. റെഡ്‌ബോള്‍ ക്രിക്കറ്റിലും കോലിയുടെ പ്രകടനങ്ങള്‍ക്ക് സമാനതകളില്ല. കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ ബ്രാന്‍ഡായി വളര്‍ന്ന പതിറ്റാണ്ടുകള്‍. ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തുവരെയെത്തിയ കോലി അവിടെയും റെക്കോഡ് സ്വന്തമാക്കി. ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകനായി കോലി മാറി.ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ മുന്നില്‍.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: virat kohli retired from trial cricket








English (US) ·