ലിസ്ബൻ∙ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റൊണാൾഡോ തീരുമാനം അറിയിച്ചത്. 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ, രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായും ആയിട്ടാണ് പടിയിറങ്ങുന്നത്. 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറിൽ 1000 ഗോളുകൾ തികയ്ക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന താരം, ക്ലബ് ഫുട്ബോളിൽ തുടരും.
What you should work next
“പോർച്ചുഗലിലെ ജനങ്ങളോട്... നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കാനുള്ള സമയം എത്തിയിരിക്കുന്നു. ആ ജഴ്‌സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് അണിയാനും അതിനായി പോരാടാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ അത് അഭിമാനത്തോടെ അണിഞ്ഞിറങ്ങാനും എനിക്ക് ഭാഗ്യവും ഉത്തരവാദിത്തവും ലഭിച്ചു,” സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ റൊണാൾഡോ പറഞ്ഞു.
അടുത്തിടെ പോർച്ചുഗൽ പരിശീലകൻ ഹോർഹെ ജിസ്യൂസുമായി റൊണാൾഡോയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നേഷൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ വിസമ്മതിക്കുകയും തുടർന്ന് ടീം ക്യാംപ് വിട്ടുപോകുകയും ചെയ്തതിനെത്തുടർന്നായിരുന്നു വിവാദം. ക്യാംപ് വിട്ടുപോയ സംഭവത്തിൽ താരത്തിന് 30 ദിവസത്തെ സസ്പെൻഷൻ ലഭിച്ചു. ഈ നടപടി റൊണാൾഡോ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനം.
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി പോർച്ചുഗൽ ദേശീയ ടീമിന്റെ നെടുംതൂണായിരുന്നു 41കാരനായ റൊണാൾഡോ. 2016-ലെ യൂറോ കപ്പ് കിരീടവും രണ്ടു യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കാൻ ടീമിനെ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആറ് ലോകകപ്പുകളിൽ പോർച്ചുഗലിനായി കളിച്ച റൊണാൾഡോയുടെ അവസാന ലോകകപ്പ് പോരാട്ടം ഈ വർഷമായിരുന്നു. പ്രീക്വാർട്ടറിൽ സ്പെയിനിനോട് 1-0ന് തോറ്റ് പോർച്ചുഗൽ പുറത്താകുകയായിരുന്നു. ലോകകപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ഏക താരമെന്ന അപൂർവ റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. വ്യക്തിഗത നേട്ടങ്ങളിലും രാജ്യാന്തര ഫുട്ബോളിലെ ദീർഘകാല സാന്നിധ്യത്തിലും വിസ്മയിപ്പിക്കുന്ന റെക്കോർഡുകൾ സ്വന്തമാക്കിയെങ്കിലും കരിയറിൽ കൈവരിക്കാനാകാതെ പോയ ഒരേയൊരു പ്രധാന കിരീടമായി ലോകകപ്പ് അവശേഷിച്ചു.
രാജ്യാന്തര ഫുട്ബോളിൽനിന്നുള്ള വിരമിക്കൽ എളുപ്പത്തിൽ എടുത്ത തീരുമാനമായിരുന്നില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. അടുത്ത തലമുറയ്ക്ക് ഉത്തരവാദിത്തം കൈമാറേണ്ട സമയമായെന്നും പോർച്ചുഗീസ് ഇതിഹാസം പറഞ്ഞു. “ഇന്ന് ആ ഉത്തരവാദിത്തം വരുംതലമുറയ്ക്ക് കൈമാറാനുള്ള സമയമായിരിക്കുന്നു. അതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. കാരണം, ചില തീരുമാനങ്ങൾ മനസ്സുകൊണ്ട് മാത്രം എടുക്കുന്നതല്ല. ഹൃദയത്തിന്റെ കൂടി തീരുമാനങ്ങളാണവ. 2003 ഓഗസ്റ്റിൽ ആരംഭിച്ച് എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച യാത്രയ്ക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്.’’ൃ അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ രാജ്യാന്തര കരിയർ ഗോളുകളിലും റെക്കോർഡുകളിലും കിരീടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും റൊണാൾഡോ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോർച്ചുഗീസ് ആരാധകരുമായി താൻ കെട്ടിപ്പടുത്ത ബന്ധത്തെക്കുറിച്ചും പുതിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സ്വയം നിരന്തരം വെല്ലുവിളിച്ചതിനെക്കുറിച്ചും രാജ്യത്തിനായി കളിക്കുമ്പോൾ നേരിട്ട സന്തോഷവും നിരാശയും നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും ഫുട്ബോൾ ഇതിഹാസം മനസ്സുതുറന്നു.
“ദേശീയ ടീമിനൊപ്പമുള്ള എന്റെ അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മത്സരങ്ങളോ ഗോളുകളോ റെക്കോർഡുകളോ കിരീടങ്ങളോ മാത്രമല്ല ഞാൻ കാണുന്നത്. മനുഷ്യരെയാണ് ഞാൻ കാണുന്നത്. വിദേശരാജ്യങ്ങളിൽ കഴിയുന്ന പോർച്ചുഗീസ് ജനതയെ, 90 മിനിറ്റ് നേരത്തേക്കെങ്കിലും സ്വന്തം നാടിനോട് കുറച്ചുകൂടി അടുത്തതായി അനുഭവിച്ചവരെ. ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ദശലക്ഷക്കണക്കിന് പോർച്ചുഗീസ് ജനതയെ. കാരണം, ഫുട്ബോൾ എന്നത് ഒരു കളിയേക്കാൾ എത്രയോ വലുതാണ്. ഫുട്ബോൾ മനുഷ്യരെക്കുറിച്ചാണ്.
ദേശീയ ടീമിനൊപ്പമുള്ള എന്റെ കരിയറിലുടനീളം ഞാൻ എന്റെ കഴിവുകളുടെ പരമാവധി പരിധിയും മറികടക്കാൻ ശ്രമിച്ചു. എനിക്ക് വിജയിക്കണമായിരുന്നു. കൂടുതൽ മികവ് പുലർത്തണമായിരുന്നു. ചരിത്രം സൃഷ്ടിക്കണമായിരുന്നു. ഞാൻ എപ്പോഴും എന്നിൽനിന്ന് ഏറ്റവും മികച്ച പ്രകടനം ആവശ്യപ്പെട്ടു. കൂടുതൽ നേട്ടങ്ങൾ സ്വന്തമിക്കാൻ ആഗ്രഹിച്ചു. നമുക്ക് ഇനിയും മുന്നോട്ടുപോകാനാകുമെന്ന് എപ്പോഴും വിശ്വസിച്ചു. ഈ ജഴ്‌സിക്കായി എന്റെ സർവസ്വവും ഞാൻ സമർപ്പിച്ചു. മനോഹരമായ പകലുകളും രാത്രികളുമുണ്ടായിരുന്നു. ഒരിക്കലും മറക്കാനാകാത്ത വിജയങ്ങളുണ്ടായിരുന്നു. ഓർക്കുമ്പോൾ ഇന്നും വേദനിക്കുന്ന തോൽവികളുമുണ്ടായിരുന്നു.” റൊണാൾഡോ പറഞ്ഞു.
English Summary:






English (US) ·