Published: June 16 , 2025 11:01 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്കു നൽകുന്ന പട്ടൗഡി ട്രോഫിയിൽനിന്ന്, മുൻ ഇന്ത്യൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡിയെ വെട്ടാനുള്ള നീക്കം വിവാദമായതിനു പിന്നാലെ ഇടപെട്ട് സൂപ്പർതാരം സച്ചിൻ െതൻഡുൽക്കർ. പട്ടൗഡി ട്രോഫിയെന്ന പേരുമാറ്റി, ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറിന്റെയും ഇംഗ്ലിഷ് താരം ജയിംസ് ആൻഡേഴ്സന്റെയും പേരിലാക്കി ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയെന്നാക്കാനായിരുന്നു നീക്കം. ഇതിനെതിരെ വിമർശനം ഉയരുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെയാണ് സച്ചിൻ തന്നെ നേരിട്ട് ഇടപെട്ടത്.
ഈ മാസം 20ന് ലീഡ്സിലെ ഹെഡിങ്‌ലിയിൽ ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മുതൽ പേരു മാറ്റാനായിരുന്നു തീരുമാനം. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) പട്ടൗഡിയുടെ പേരുമാറ്റാനുള്ള നീക്കം നടത്തിയത്.
ഇത് വിവാദമായതോടെ ഇസിബി ക്രിക്കറ്റ് അധികൃതരുമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിനിധികളുമായും സംസാരിച്ച സച്ചിൻ, പേരു മാറ്റാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഐസിസി ചെയർമാൻ കൂടിയായ ജയ് ഷായും പട്ടൗഡി ട്രോഫി തന്നെ തുടരണമെന്ന നിലപാടുമായി രംഗത്തെത്തി.
‘‘ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ പട്ടൗഡിയുടെ പേരു തന്നെ തുടരാൻ ധാരണയായിട്ടുണ്ട്’ – ഇസിബി പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഒരാളായ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് വിദേശ മണ്ണിൽ ഇന്ത്യയ്‌ക്ക് ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിച്ചത്. 1967ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഇത്. ഇന്ത്യയെ 40 ടെസ്റ്റുകളിൽ നയിച്ച പട്ടൗഡി ടീമിന് 9 വിജയങ്ങളും സമ്മാനിച്ചു.
നേരത്തെ, ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാനം ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയുടെ അനാച്ഛാദനം നിർവഹിക്കാനായിരുന്നു ഇസിബിയുടെ പദ്ധതി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയ കലാശപ്പോരാട്ടം നാലാം ദിനം അവസാനിച്ചതോടെ അന്നായിരുന്നു ചടങ്ങ് നടത്തേണ്ടിയിരുന്നത്. എന്നാൽ, അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് മാറ്റിവച്ചത്.
English Summary:








English (US) ·