29 June 2025, 01:10 PM IST

Photo: PTI
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് സര്‍ക്കാര്‍ ജോലി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് താരത്തിന് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് നേരിട്ട് നിയമനം നല്‍കുന്ന 2022-ലെ നിയമപ്രകാരമാണ് റിങ്കു സിങ്ങിന്റെ നിയമനം. ഇതനുസരിച്ച് താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) നിയമിക്കുന്നതിനുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു.
അന്താരാഷ്ട്ര കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ മാന്യമായ സ്ഥാനങ്ങള്‍ നല്‍കി ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് റിങ്കു സിങ്ങിന്റെ നിയമനം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനായി സ്വര്‍ണം നേടിയതോടെയാണ് താരം സര്‍ക്കാര്‍ ജോലിക്ക് അര്‍ഹനായത്. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം ഒമ്പതാം ക്ലാസില്‍വെച്ച് പഠനം അവസാനിപ്പിക്കേണ്ടിവന്നയാളാണ് റിങ്കു സിങ്.
ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിന് കീഴില്‍ വരിക. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ക്കാണ് റിങ്കു റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതേസമയം, ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാള്‍ക്ക് ഈ പദവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, റിങ്കുവിന് നല്‍കിയ തസ്തികയ്ക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്.
ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനായ റിങ്കുവിന്റെ ശമ്പള സ്‌കെയില്‍ 70,000 രൂപ മുതല്‍ 90,000 രൂപ വരെയാണ്. സര്‍ക്കാര്‍ വസതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതിനൊപ്പം ലഭിക്കും. എംപിയായ പ്രിയാ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് താരത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്.
Content Highlights: Indian cricketer Rinku Singh appointed arsenic District Basic Education Officer








English (US) ·