27 July 2025, 02:25 PM IST

രുചി ഗുജ്ജർ കരൺ സിങ്ങിനെ മർദിക്കുന്ന ദൃശ്യത്തിൽനിന്ന്, രുചി ഗുജ്ജർ | Photo: Screen grab/ Tadka Bollywood, Instagram/ Ruchi Gujjar
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയ നിര്‍മാതാവിനെ പരസ്യമായി മര്‍ദിച്ച് നടി. ഹിന്ദി ക്രൈം ത്രില്ലറായ 'സോ ലോങ് വാലി'യുടെ നിര്‍മാതാവ് കരണ്‍ സിങ്ങിനാണ് മര്‍ദനമേറ്റത്. നടിയും മോഡലുമായ രുചി ഗുജ്ജറാണ് കരണ്‍ സിങ്ങിനെ ചെരിപ്പുകൊണ്ട് തല്ലിയത്. തന്നില്‍നിന്ന് 23 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. നിര്‍മാതാക്കളുമായി തര്‍ക്കിക്കുന്ന രുചി അവരില്‍ ഒരാളെ ചെരിപ്പുകൊണ്ട് മര്‍ദിക്കുന്നതായി ദൃശ്യത്തില്‍ കാണാം. കൈയില്‍ പ്ലക്കാര്‍ഡുകളേന്തിയ ഒരുകൂട്ടം ആളുകളുമായി എത്തിയ രുചി സംവിധായകനെ ചെരിപ്പുകൊണ്ട് മര്‍ദിക്കുകയായിരുന്നു. ആദ്യശ്രമത്തില്‍ കൈയില്‍നിന്ന് ചെരിപ്പ് താഴെപ്പോയി. രണ്ടാമത്തെ ചെരിപ്പും തല്ലാനുള്ള ശ്രമത്തിനിടെ സംവിധായകന്റെ ദേഹത്തുതട്ടിയ ശേഷം താഴെ വീണു. ചിത്രത്തിനെതിരായ പ്രതിഷേധവുമായാണ് നടിയും കൂട്ടരുമെത്തിയത്.
ഒരു ടെലിവിഷന്‍ പ്രൊജക്ടിന്റെ പേര് പറഞ്ഞാണ് തുക കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനംചെയ്ത പ്രൊജക്ട് യാഥാര്‍ഥ്യമായില്ലെന്നും അവര്‍ പറഞ്ഞു. ലാഭവിഹിതവും ഓണ്‍-സ്‌ക്രീന്‍ ക്രെഡിറ്റും കരണ്‍ വാഗ്ദാനം ചെയ്തിരുന്നതായും നടി അവകാശപ്പെട്ടു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, നടി പബ്ലിസ്റ്റി സ്റ്റണ്ടിന് ശ്രമിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മാന്‍ സിങ്ങിന്റെ പ്രതികരണം. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപ്പിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ റിലീസുമായി മുന്നോട്ടുപോകാന്‍ കോടതി അനുവദിച്ചതാണെന്നും മാന്‍ സിങ് വ്യക്തമാക്കി. കാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി ശ്രദ്ധനേടിയ നടിയും മോഡലുമാണ് രുചി ഗുജ്ജര്‍.
Content Highlights: Ruchi Gujjar Slaps Producer, Hits Him With Sandal At Film Premiere





English (US) ·