പണമൊഴുകുന്ന ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായി ടീമിലെ മോഷണ കഥ; സഹതാരത്തിനെതിരെ പരാതി ഉന്നയിച്ചത് ടീമിന്റെ ക്യാപ്റ്റൻ!

7 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 24 , 2025 04:52 PM IST

1 minute Read

ആരുഷി ഗോയലും ദീപ്തി ശർമയും (ഫയൽ ചിത്രം)
ആരുഷി ഗോയലും ദീപ്തി ശർമയും (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പണക്കൊഴുപ്പുകൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ ക്രിക്കറ്റിനെ നാണക്കേടിലേക്ക് തള്ളിവിട്ടാണ് വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സ് താരം കൂടിയായ ദീപ്തി ശർമ സഹതാരത്തിനെതിരെ മോഷണ പരാതിയുമായി രംഗത്തെത്തിയത്. ആഗ്രയിലെ തന്റെ ഫ്ലാറ്റിൽനിന്ന് വിദേശ കറൻസി ഉൾപ്പെടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകൾ സഹതാരമായ ആരുഷി ഗോയൽ മോഷ്ടിച്ചെന്നാണ് ദീപ്തി ശർമയുടെ പരാതി. ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നയാളാണ് ആരോപണ വിധേയയായ ആരുഷി.

ആഗ്രയിലെ തന്റെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ ആരുഷി, സ്വർണവും വെള്ളിയും രണ്ടു ലക്ഷം രൂപയുടെ വിദേശ കറൻസിയും ഉൾപ്പെടെ മോഷ്ടിച്ചാണ് സ്ഥലംവിട്ടതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ദീപ്തി ശർമ പൊലീസിനു നൽകിയ പരാതിയിലുള്ളത്. ആഗ്രയിലെ സദർ പൊലീസ് സ്റ്റേഷനിൽ ദീപ്തിയുടെ സഹോദരൻ സുമിത് ശർമയാണ് പരാതി ഫയൽ ചെയ്തത്.

വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് ആരുഷിയും മാതാപിതാക്കളും ദീപ്തി ശർമയിൽനിന്ന് പലതവണ പണം തട്ടിയതായും പരാതിയിൽ ആരോപണമുണ്ട്. ഒരേ ടീമിൽ കളിക്കുന്ന താരങ്ങളെന്ന നിലയിലുള്ള വർഷങ്ങളുടെ പരിചയം മുതലെടുത്താണ് ആരുഷി തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപരമായ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി ആരുഷി പലതവണ ദീപ്തിയിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായും ആരോപണമുണ്ട്.

ആരുഷിക്കും കുടുംബത്തിനും എതിരെ യുപിയിൽ ഡിഎസ്പി കൂടിയായ ദീപ്തി ശർമ 25 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി നൽകിയതായി ഡിസിപി സോനം കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വനിതാ പ്രിമിയർ ലീഗിൽ ഇത്തവണ 10 ലക്ഷം രൂപയ്ക്കാണ് ദീപ്തി ശർമ നയിക്കുന്ന യുപി വോറിയേഴ്സ് ആരുഷിയെ ടീമിലെത്തിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരാംഗമായ ദീപ്തി ശർമ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടംപിടിച്ചിരുന്നു. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. നോട്ടിങ്ങമിൽ നടക്കുന്ന ട്വന്റി20 മത്സരത്തോടെയാണ് പരമ്പരയ്ക്കു തുടക്കമാകുക. ജൂലൈ 12ന് ബിർമിങ്ങമിലാണ് അവസാന ട്വന്റി20 മത്സരം. തുടർന്ന് ജൂലൈ 16ന് സതാംപ്ടനിൽ ആദ്യ ഏകദിനം. ജൂലൈ 22നു നടക്കുന്ന മൂന്നാം ഏകദിനത്തോടെ പരമ്പര അവസാനിക്കും.

English Summary:

Deepti Sharma Accuses UP Warriorz Teammate Of Rs 25 Lakh Fraud, Stealing Foreign Currency

Read Entire Article