Published: December 14, 2025 10:55 AM IST
1 minute Read
കൊൽക്കത്ത∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനം സംഘാടനത്തിലെ വീഴ്ചമൂലാണ് അക്രമത്തിലും പൊലീസ് ലാത്തിച്ചാർജിലും കലാശിച്ചത്. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സി 18 മിനിറ്റിനു ശേഷം പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയതിൽ നിരാശരായ കാണികൾ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. മണിക്കൂറുകൾനീണ്ട അരാജകത്വത്തിൽ പൊലീസുകാർ ഉൾപ്പെടെ ഏറെപ്പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല.
വെള്ളക്കുപ്പികൾ മുതൽ പ്ലാസ്റ്റിക് കസേരകൾ വരെ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞാണു പ്രതിഷേധം തുടങ്ങിയത്. 10 മിനിറ്റിനകം വേലി തകർത്ത് ജനക്കൂട്ടം ഗ്രൗണ്ട് കയ്യേറി. പൊലീസ് ലാത്തിവീശിയതോടെ സ്ത്രീകളും കുട്ടികളുമടക്കം പലവഴി ഓടി. പൊലീസ് പിൻവലിഞ്ഞപ്പോൾ വീണ്ടും ഗ്രൗണ്ട് കയ്യേറിയ ജനക്കൂട്ടം മെസ്സിക്കും വിവിഐപികൾക്കുമായി ഒരുക്കിയ പവിലിയൻ അടിച്ചുതകർത്തു, മേൽക്കൂര വലിച്ചിട്ടു. ഒന്നേകാലോടെ കൂടുതൽ പൊലീസെത്തി ഇവരെ ഒഴിപ്പിച്ചു.
പരിപാടിയുടെ മുഖ്യസംഘാടകരായ ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവി’ന്റെ (എഎസ്ഡിഐ) സാരഥി ശതാദ്രു ദത്തയെ പൊലീസ് തടഞ്ഞുവച്ചു. മുഴുവൻ കാണികൾക്കും ടിക്കറ്റ് തുക തിരിച്ചുകൊടുക്കാനും പൊലീസ് നിർദേശിച്ചു. 4000– 20,000 രൂപ മുടക്കി ടിക്കറ്റെടുത്താണ് അരലക്ഷത്തോളം പേർ സ്റ്റേഡിയത്തിലെത്തിയത്.
ഇതിനിടെ ഒരാൾ, സ്റ്റേഡിയത്തിലെ കാർപറ്റ് തോളിൽ ചുമന്നുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായി. ടിക്കറ്റ് തുകയുടെ നഷ്ടം നികത്തനാണ് കാർപറ്റ് കൊണ്ടുപോകുന്നതെന്നാണ് ഇയാൾ പറഞ്ഞു. ‘‘ടിക്കറ്റിനായി ഞാൻ 10,000 രൂപ നൽകി, പക്ഷേ ലയണൽ മെസ്സിയുടെ മുഖം പോലും കാണാൻ കഴിഞ്ഞില്ല. എനിക്ക് കാണാൻ കഴിഞ്ഞത് നേതാക്കളുടെ മുഖം മാത്രമാണ്. പരിശീലനത്തിനായി ഞാൻ ഈ കാർപറ്റ് വീട്ടിലേക്ക് കൊണ്ടുപോകുകയാണ്.’’– ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഇയാൾ പറഞ്ഞു.
പകൽ 11.35നു സ്റ്റേഡിയത്തിലെത്തിയപ്പോൾ മുതൽ ആൾത്തിരക്കിൽ മെസ്സി അസ്വസ്ഥനായിരുന്നു. ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും മുതൽ സുരക്ഷാ ഉദ്യോഗസ്ഥർവരെ താരത്തോടു ചേർന്നുനിൽക്കാൻ ഇടിച്ചുകയറി. 11.53നു മെസ്സി മടങ്ങി. ഇതോടെ വൻ തുക മുടക്കി ടിക്കറ്റെടുത്ത അരലക്ഷത്തോളം പേർ ഇതോടെ നിരാശരായി. നടൻ ഷാറുഖ് ഖാനും മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നെങ്കിലും കാറിൽനിന്നിറങ്ങിയില്ല. സ്റ്റേഡിയത്തിൽനിന്നു ഹോട്ടലിലേക്കു പോയ മെസ്സി 12.58നു പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലേക്കു പോയി.
English Summary:








English (US) ·