'പതിനാറാം വയസ്സില്‍ അച്ഛൻ അഭിസാരികയെന്ന് വിളിച്ചു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി

8 months ago 10

11 May 2025, 08:50 PM IST

shiny doshi

ഷൈനി ദോഷി | Photo: Screen grab/ YouTube: Siddharth Kannan

16-ാം വയസ്സില്‍ സ്വന്തം പിതാവില്‍നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷന്‍ താരം ഷൈനി ദോഷി. പിതാവുമായുള്ള ബന്ധത്തിലെ ഇടര്‍ച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. താന്‍ കുട്ടിയായിരുന്നപ്പോള്‍തന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയെന്നും സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ ഷൈനി വെളിപ്പെടുത്തി.

പിതാവ് തന്നേയും അമ്മയേയും സഹോദരനേയും വിട്ടുപോയതോടെ കുടുംബം നോക്കാന്‍ ചെറുപ്പത്തില്‍ തന്നെ ജോലിക്കുപോയി തുടങ്ങേണ്ടിവന്നുവെന്ന് നടി പറഞ്ഞു. 'അച്ഛന്‍ എന്നെ അഭിസാരികയെന്ന് വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്കുവേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോഷൂട്ട് ചിലപ്പോള്‍ പുലര്‍ച്ചെ മൂന്നുമണിവരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്നെനിക്ക് 16 വയസ്സാണ്. ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ടതിന് പകരം അദ്ദേഹം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു. നീ നിന്റെ മകളെ പുലര്‍ച്ചെ മൂന്നുമണിക്ക് പുറത്തുകൊണ്ടുപോവുകയാണോ? നീ അവളെ കൂട്ടിക്കൊടുക്കാൻ കൊണ്ടുപോവുകയാണോ?, എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് ചോദിച്ചു', നിറകണ്ണുകളോടെ ഷൈനി ദോഷി പറഞ്ഞു.

പിതാവിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും ഷൈനി ദോഷി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 'ജീവിതത്തിലെ അഴിച്ചുമാറ്റാന്‍ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാന്‍ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്. എന്നാല്‍, ഇപ്പോഴും ചിലപ്പോള്‍ ഞാന്‍ അശക്തയാണെന്ന് തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ട് എന്ന് പറയാന്‍ എനിക്ക് ഒരു പിതൃതുല്യന്‍ ഒരിക്കലുമുണ്ടായിരുന്നില്ല', അവര്‍ പറഞ്ഞു. 2019-ല്‍ അമര്‍നാഥ് യാത്രയ്ക്കിടെ ഷൈനിയുടെ പിതാവ് മരിച്ചു.

ഹിന്ദി ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ഷൈനി ദോഷി. വിഖ്യാതസംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി നിര്‍മിച്ച 'സരസ്വതിചന്ദ്ര' എന്ന പരമ്പരയിലൂടെയാണ് ഷൈനി ദോഷി ശ്രദ്ധേയയായത്. പിന്നീട് പുറത്തിറങ്ങിയ ഒരുപിടി പരമ്പരകള്‍ നടിയെ ശ്രദ്ധേയയാക്കി.

Content Highlights: Shiny Doshi Breaks Down Recalling Father’s Abuse: ‘He Called Me A Prostitute At 16’

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article