16 March 2025, 03:31 PM IST

Photo | AFP
ക്രൈസ്റ്റ്ചര്‍ച്ച് (ന്യൂസീലന്‍ഡ്): സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ മറുനാട്ടിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്താന്‍. ന്യൂസീലന്‍ഡ് പര്യടനത്തിലാണ് പാക് ടീം തോറ്റത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പരാജയത്തിന് പിന്നാലെ ടീം അടിമുടി അഴിച്ചുപണിതിട്ടും രക്ഷയുണ്ടായില്ല. കിവികള്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.
തോൽവിക്ക് പിന്നാലെ പാകിസ്താൻ ടീമിന് നേരെ ട്രോൾ പൂരമാണ്. 2.2 ഓവറിൽ ഒരു റണ്ണിന് മൂന്ന് വിക്കറ്റെന്ന നിലയിലായിരുന്നു പാകിസ്താൻ. ഇതാണോ ടീമിന്റെ ഭയരഹിതമായ ക്രിക്കറ്റെന്ന് ചില ആരാധകർ പരിഹസിച്ചു. മത്സരത്തിൽ കിവീസിന് വേദിയുടെ ആനുകൂല്യം ലഭിച്ചോയെന്നായി മറ്റൊരു ട്രോൾ. പതിമൂന്നായിരം കിലോമീറ്ററുകൾ സഞ്ചരിച്ചതിനാലാണ് ടീമിന് 91 റൺസ് മാത്രം നേടാനായതെന്നും ട്രോളുകളുയർന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 18.4 ഓവറില്‍ 91 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 10.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലുവിക്കറ്റ് നേടിയ ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് പിഴുത കൈല്‍ ജമീസണുമാണ് പാകിസ്താനെ തകര്‍ത്തത്. സിഫര്‍ട്ടും (44), ഫിന്‍ അലനും (29*) ടിം റോബിന്‍സണും (18) ചേർന്ന് ന്യൂസീലന്‍ഡിന് വിജയമൊരുക്കി.
പാക് നിരയില്‍ എട്ടുപേര്‍ രണ്ടക്കംപോലും കടക്കാതെയാണ് മടങ്ങിയത്. 32 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായും 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 17 റണ്‍സ് നേടിയ ജഹന്‍ദാദ് ഖാനും ആണ് ടോപ് സ്‌കോറര്‍മാര്‍. അഞ്ചോവര്‍ പൂര്‍ത്തിയാവുന്നതിന് മുന്നേ 11 റണ്‍സിനിടെ ആദ്യ നാലുപേര്‍ മടങ്ങിയതാണ് പാകിസ്താന് തിരിച്ചടിയായത്. 11 റണ്‍സെടുക്കുന്നതിനിടെ തന്നെ അവസാനത്തെ നാലുപേരും മടങ്ങിയതോടെ പാകിസ്താന്റെ കഥകഴിഞ്ഞു. ന്യൂസീലന്‍ഡ് മണ്ണില്‍ പാകിസ്താന്റെ ഏറ്റവും വലിയ ടി20 പരാജയമാണിത്.
Content Highlights: pakistan cricket squad trolled aft nz victory








English (US) ·