Published: January 10, 2026 07:35 PM IST Updated: January 11, 2026 10:00 AM IST
1 minute Read
ബുലവായോ ∙ നാല് ബാറ്റർമാരുടെ അർധസെഞ്ചറി, നാല് അർധസെഞ്ചറി കൂട്ടുകെട്ടുകൾ; കൗമാര താരങ്ങളുടെ ബാറ്റിങ് കരുത്തിൽ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ടീം ഇന്ത്യയ്ക്ക് കൂറ്റൻ ജയം. സ്കോട്‌ലൻഡിനെ ഡക്ക്‌വർത്ത് ലൂയിസ് മഴനിയമപ്രകാരം 121 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ സ്കോട്‌ലൻഡ് 23.2 ഓവറിൽ 9ന് 112 എന്ന സ്കോറിൽ നിൽക്കെ മഴമൂലം മത്സരം അവസാനിപ്പിക്കുകയായിരുന്നു.
അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി (50 പന്തിൽ 96), മലയാളി താരം ആരോൺ ജോർജ് (58 പന്തിൽ 61), വിഹാൻ മൽഹോത്ര (81 പന്തിൽ 77), അഭിഗ്യാൻ കുണ്ഡു (48 പന്തിൽ 55) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യൻ മികച്ച സ്കോർ നേടിയത്. ആർ.എസ്.അംബരിഷ് 28 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 22 റൺസുമെടുത്തു. ഇന്ത്യയ്ക്കായി മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാൻ 5 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പതിവു പോലെ വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ അർധസെഞ്ചറി നേടിയ താരം, 50 പന്തിൽ 96 റൺസെടുത്താണ് പുറത്തായത്. ഏഴു സിക്സുകളും ഒൻപതു ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവും ചേർന്ന് 70 റൺസാണ് കൂട്ടിച്ചേർത്തത്. 19 പന്തിൽ 22 റൺസെടുത്ത ആയുഷ് ഏഴാം ഓവറിലാണ് പുറത്തായത്.
പിന്നീടെത്തിയ മലയാളി താരം ആരോൺ ജോൺ, വൈഭവിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 78 റൺസ് സ്കോർബോർഡിൽ ചേർത്തു. സെഞ്ചറിക്ക് വെറും നാല് റൺസകലെ വൈഭവ് വീണതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാൽ മൂന്നാം വിക്കറ്റിൽ ആരോൺ–വിഹാൻ കൂട്ടുകെട്ടും നാലാം വിക്കറ്റിൽ വിഹാൻ–അഭിഗ്യാൻ കൂട്ടുകെട്ടും മികച്ച രീതിയിൽ മുന്നേറിയതോടെ ഇന്ത്യൻ സ്കോർ അനായാസം 300 കടന്നു. അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യൻ സ്കോർ 400 കടക്കാതെ 374ൽ ഒതുങ്ങിയത്. സ്കോട്‌ലൻഡിനായി ഒലി ജോൺസ് നാല് വിക്കറ്റ് വീഴ്ത്തി. 15 മുതൽ സിംബാബ്‌വെയിൽ വച്ചാണ് അണ്ടർ 19 ഏകദിന ലോകകപ്പ്.
English Summary:








English (US) ·