പതിവ് തെറ്റിക്കാതെ മമ്മൂട്ടി, ആശംസയുമായി പൃഥ്വിരാജ്; മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി ആന്റണി

8 months ago 9

mammootty mohanlal antony Perumbavoor

മമ്മൂട്ടി മോഹൻലാലിനൊപ്പം, ആന്റണി പെരുമ്പാവൂർ പങ്കുവെച്ച മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം | Photo: Facebook/ Mammootty, Antony Perumbavoor

'മലയാളത്തിന്റെ മോഹന്‍ലാലിന്' 65-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ശ്വേതാ മേനോന്‍ അടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. 'പ്രിയ്യപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍', എന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലും മോഹന്‍ലാലിന് ആശംസനേര്‍ന്നുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ആന്റണി പെരുമ്പാവൂര്‍ ആശംസനേര്‍ന്നത്. മോഹന്‍ലാലിനൊപ്പം 'എമ്പുരാന്‍' ചിത്രത്തന്റെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ചായിരുന്നു നടനും സംവിധായകനുമായ പൃഥ്വിരാജ് ആശംസ. 'ജന്മദിനാശംസകള്‍ ലാലേട്ടാ, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മറ്റൊരു വര്‍ഷം കൂടെ ആശംസിക്കുന്നു', എന്നായിരുന്നു പൃഥ്വിരാജിന്റെ ആശംസ.

'ലാലേട്ടാ, ജന്മദിനാശംസകള്‍. ദൈവം നിങ്ങള്‍ക്ക് ആരോഗ്യവും സന്തോഷവും ജീവിതത്തിലെ എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ', ദിലീപ് കുറിച്ചു. സംവിധായകരായ സിബി മലയില്‍, മേജര്‍ രവി, സാജിദ് യഹിയ, തരുണ്‍ മൂര്‍ത്തി, എം.എ. നിഷാദ്, മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍, എംഎല്‍എ കൂടിയായ എം. മുകേഷ്, അഭിനേതാക്കളായ ശ്വേതാ മോഹന്‍, ചിപ്പി രഞ്ജിത്ത്, ബിനു പപ്പു, കൃഷ്ണപ്രഭ, അപ്പാനി ശരത്, സണ്ണി വെയ്ന്‍, അന്‍സിബ ഹസ്സന്‍, ബിനീഷ് കോടിയേരി, വീണ നായര്‍, അനശ്വര രാജന്‍, സൗമ്യ മേനോന്‍, ഗായകരായ കെ.ജെ. യേശുദാസ്, സുജാതാ മോഹന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേര്‍ന്നു. 'താങ്കള്‍ ഇതിഹാസ നടന്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ദയയുള്ള ആളുകളില്‍ ഒരാളുമാണ്', എന്ന്‌ മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിങ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍മാതാവ് ഗോകുലം ഗോപാലനും മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ സിദ്ധിഖും ആശംസകള്‍ നേര്‍ന്നു. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനസംവിധായകനായ സ്റ്റണ്ട് സില്‍വ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്.

Content Highlights: Malayalam cinema celebrates Mohanlal`s 65th birthday

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article