'പത്മകുമാറിന്റെ സിനിമയും ഇതേ പ്രശ്നംനേരിട്ടു, ജാനകിയുടെ കാമുകന്റെ പേര് രാഘവനോ കൃഷ്ണനോ ആക്കാൻ പറഞ്ഞു'

7 months ago 7

സ്വന്തം ലേഖിക

22 June 2025, 01:56 PM IST

jsk

ചിത്രത്തിന്റെ പോസ്റ്റർ, ബി. ഉണ്ണികൃഷ്ണൻ | Photo: Facebook:Suressh Gopi, Unnikrishnan B

കൊച്ചി : സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)യുടെ പ്രദർശനം തടഞ്ഞ സെൻസർ ബോർഡ് നടപടിയിൽ പ്രത്യക്ഷ സമരത്തിന് മടിക്കില്ലെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ടൈറ്റിലിലെ ജാനകിയെന്ന പേര് ഒഴിവാക്കണന്നും ചിത്രത്തിൽ ജാനകിയെന്ന പേര് പാടില്ലെന്നുമാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്ന നിർദേശം. നേരത്തെ സംവിധായകൻ പത്മകുമാറിന്റെ സിനിമയ്ക്കും ഇതേ പ്രശ്നം ഉണ്ടായെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

"ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനുമായി ഞാൻ സംസാരിച്ചു. സെൻസർ ബോർഡിൽ നിന്ന് രേഖാമൂലം നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷേ അവരെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് പറയുന്നത്. വിചിത്രമായ കാര്യമാണത്. പത്മകുമാർ സംവിധാനം ചെയ്ത സിനിമയ്ക്കും ഇതേ പ്രശ്നം നേരിട്ടു. അതിലെ കഥാപാത്രവും ജാനകിയാണ്. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധമാണ് കഥ. എബ്രഹാമിനെ രാഘവനോ കൃഷ്ണനോ ആക്കുക, അല്ലെങ്കിൽ ജാനകിയെന്ന പേര് മാറ്റുക എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പകരം ചില പേരുകൾ അവർ സംവിധായകനോട് നിർദേശിച്ചു. മതസ്പർദ്ദ ഉണ്ടാക്കുവാനോ , മറ്റേതെങ്കിലും സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കാനോ ആഗ്രഹിക്കാത്തതിനാൽ ആ പേര് ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹം ജാനകിയെ ജയന്തി ആക്കിയ ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്.

സെൻസർ ബോർഡിന്റെ ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ അത് ഉപകാരമായേനേ. ഹിന്ദു കഥാപാത്രത്തിന് എന്ത് പേരിട്ടാലും അത് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേര് ആകും. നാളെ എന്റെ പേര് വിഷയമാകുമോ എന്ന് പേടിയുണ്ട്. കഥ, തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണൻ എന്ന് വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞാലോ? ജാനകിയെന്ന് പേരിട്ട് ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ഞാനെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന് ആറ് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിലോ?. എന്ത് തന്നെയായാലും രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നീങ്ങാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രത്യക്ഷമായ പ്രതിഷേധം ഉണ്ടാകും". ഉണ്ണികൃഷ്ണൻ പറഞ്ഞു.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലറാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെപേരിൽനിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.

Content Highlights: Director B. Unnikrishnan protests against the censor board`s decision

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article