09 May 2025, 09:25 PM IST

Photo: AFP
മുംബൈ: ആഭ്യന്തരക്രിക്കറ്റില്‍ ഗോവയിലേക്ക് ചേക്കേറാനുള്ള തീരുമാനം മാറ്റി ഇന്ത്യന്‍ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍. അടുത്ത സീസണില്‍ മുംബൈക്കായി കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ടീം മാറാനായി എന്‍ഒസി ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ അയച്ചതിന് പിന്നാലെയാണ് താരം തീരുമാനം മാറ്റിയത്.
എന്‍ഒസി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ജയ്‌സ്വാള്‍ മെയില്‍ അയച്ചിട്ടുണ്ട്. അടുത്ത സീസണില്‍ മുംബൈക്കായി കളിക്കാന്‍ സന്നദ്ധനാണെന്നും താരം അറിയിച്ചിട്ടുണ്ട്. ഗോവയിലേക്ക് മാറാൻ കുടുംബപരമായ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും അത് വെട്ടിച്ചുരുക്കിയതായും തനിക്ക് നൽകിയ എൻഒസി പിൻവലിക്കുവാനുള്ള അഭ്യർഥന പരിഗണിക്കണമെന്നും ജയ്സ്വാൾ ഇ-മെയിലിൽ പറയുന്നു. എൻഒസി ഗോവ ക്രിക്കറ്റ് അസോസിയേഷനോ ബി.സി.സി.ഐക്കോ സമർപ്പിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.
ഈ വർഷം ഏപ്രിലിലാണ് ജയ്സ്വാൾ മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായുള്ള വാർത്ത പുറത്തുവന്നത്. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കു ശേഷം തിരികെയെത്തിയ ജയ്‌സ്വാള്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങുകയും ചെയ്തിരുന്നു. താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. അടുത്തിടെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, സിദ്ധേഷ് ലാഡ് എന്നിവരും മുംബൈ ടീം വിട്ട് ഗോവന്‍ ടീമിലേക്ക് മാറിയിരുന്നു
Content Highlights: Yashasvi Jaiswals petition to play for mumbai








English (US) ·