പദ്മരാജനെ ഇന്നത്തെ തലമുറ ഗൃഹാതുരതയോടെ കൊണ്ടാടുന്നത് കാലം കാത്തുവെച്ച ദക്ഷിണ -മോഹൻലാൽ

7 months ago 7

Mohanlal

അണയാത്ത ഓർമ്മകൾ... പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന്‌ സംഘടിപ്പിച്ച പത്മരാജൻ അവാർഡുദാന ചടങ്ങിന്റെ ഉദ്‌ഘാടനവേളയിൽ മോഹൻലാലും പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും, പി.പദ്മരാജൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ‘തൂവാനത്തുമ്പികൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ, ഇറങ്ങിയ കാലത്തെക്കാൾ ഇന്നത്തെ തലമുറ ഗൃഹാതുരതയോടെ കൊണ്ടാടുന്നത് ആ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണയാണെന്ന് നടൻ മോഹൻലാൽ. പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാരയെയും മഴയെയുമൊക്കെ തന്റെ മക്കളുൾപ്പെടെ ആരാധനയോടെ ആഘോഷിക്കുന്നതു കാണുമ്പോൾ, പദ്മരാജനെന്ന പ്രതിഭയ്ക്കൊപ്പം സഹകരിക്കാനായതിൽ അഭിമാനം തോന്നും. ഇത്തരം പ്രതിഭകൾക്കൊപ്പമുള്ള സൃഷ്ടികളാണ് എന്നെയും മമ്മൂട്ടിയെയുമൊക്കെ ഇന്നുകാണുന്ന ഞങ്ങളാക്കിയത്. ഒരേസമയം ഐ.വി.ശശി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിലും മറുവശത്ത് പദ്മരാജന്റെ ചിത്രങ്ങളിലും അഭിനയിച്ചതാണ് ശക്തിപകർന്നത്.

പദ്മരാജൻ തനിക്കു തന്ന അഞ്ചു കഥാപാത്രങ്ങളും അഞ്ചുതരത്തിൽ വെല്ലുവിളിയുയർത്തുന്നതായിരുന്നു. മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ‘അണ്ടർ റേറ്റഡ്’ സിനിമയാണ് അദ്ദേഹത്തിന്റെ ‘കരിയിലക്കാറ്റുപോലെ’. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു അതിലെ പോലീസ് വേഷം.

തിരുവനന്തപുരത്തു പഠിച്ചുവളർന്ന ഏതൊരാളെയും പോലെ ആകാശവാണിയിൽ കേട്ട കാല്പനികത തുളുമ്പുന്ന ശബ്ദത്തിലൂടെയാണ് പദ്മരാജനെ ആദ്യമറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ‘ഇതാ ഇവിടെവരെ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടു വിസ്മയിച്ചു. അപ്പോഴൊന്നും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാനാകുമെന്ന്. ഇന്ന് ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ഒരു കലാകാരനെന്ന നിലയ്ക്കുള്ള മാനസപൂജയാണെന്നും മോഹൻലാൽ പറഞ്ഞു.

പുരസ്കാരം കൈമാറി

പി.പദ്മരാജൻ ട്രസ്റ്റിന്റെ ഈ വർഷത്തെ ചലച്ചിത്രപുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിന് മോഹൻലാൽ സമ്മാനിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം എസ്.ഹരീഷിനും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം പി.എസ്.റഫീഖിനും കൈമാറി. പുതുമുഖ നോവലിസ്റ്റിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് പുരസ്‌കാരം ഐശ്വര്യ കമലയ്ക്കും കൈമാറി.

സിനിമാ നിരൂപകൻ വിജയകൃഷ്ണൻ അധ്യക്ഷനായി. രാധാലക്ഷ്മി പദ്മരാജൻ, ടി.കെ.രാജീവ് കുമാർ, ജി.ആർ.ഇന്ദുഗോപൻ, എസ്.കുമാർ, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Mohanlal Honors Padma Rajans Legacy: A Celebration of Enduring Cinematic Masterpieces

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article