Published: June 17 , 2025 09:08 AM IST
1 minute Read
കൊച്ചി ∙ നാലു വർഷം മുൻപ് കൊട്ടിഘോഷിച്ചു തുടങ്ങിയ എറണാകുളം പനമ്പിള്ളി നഗറിലെ അണ്ടർ 14 വനിത ഫുട്ബോൾ അക്കാദമി അടച്ചുപൂട്ടൽ ഭീഷണിയിൽ. 2021ൽ മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണു സ്പോർട്സ് കൗൺസിൽ വനിത ഫുട്ബോൾ അക്കാദമി തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 പെൺകുട്ടികളാണ് പനമ്പിള്ളിനഗറിലെ അക്കാദമിയിൽ പരിശീലനം നടത്തിയിരുന്നത്.
പനമ്പിള്ളിനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എസ്ആർവി സ്കൂളിലും 8 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലാണ് ഇവർ പഠിക്കുന്നത്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടിയതോടെ വീടുകളിൽ തുടരുന്ന ഇവർക്കു നിലവിൽ സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.കഴിഞ്ഞ വർഷത്തെ സംസ്ഥാന അണ്ടർ 17, 14 വനിത ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ അക്കാദമിയിലെ താരങ്ങളുടെ മികവിലാണ് എറണാകുളം ജേതാക്കളായത്.
അണ്ടർ 17 കേരള ടീമിലും സ്കൂൾ ടീമിലും മുൻവർഷങ്ങളിൽ അക്കാദമിയിലെ താരങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. സുബ്രതോ ചാംപ്യൻഷിപ്പിലും തിളങ്ങിയ അക്കാദമിയിലെ താരങ്ങൾ സബ് ജൂനിയർ, ജൂനിയർ തലങ്ങളിൽ ഇന്ത്യൻ ക്യാംപിലുമെത്തി.
എന്നാൽ സ്പോർട്സ് കൗൺസിലും കായിക വകുപ്പും തഴഞ്ഞതോടെ അക്കാദമി പ്രതിസന്ധിയിലായി. ഹോസ്റ്റൽ കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതോടെ കട്ടിലുകളും കിടക്കകളും പനമ്പിള്ളിനഗർ ഫുട്ബോൾ ഗ്രൗണ്ട് പവിലിയനിൽ കൊണ്ടുവന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇത്തവണത്തെ സിലക്‌ഷനിൽ അക്കാദമിയിലേക്ക് ഒരു താരത്തെ പോലും പുതുതായി തിരഞ്ഞെടുത്തിട്ടില്ല.
അണ്ടർ 17 സംസ്ഥാന ഫുട്ബോൾ ചാംപ്യൻഷിപ്പും സുബ്രതോ കപ്പ് മത്സരങ്ങളും ആരംഭിക്കാനിരിക്കുകയാണ്. ഹോസ്റ്റൽ പൂട്ടിയതോടെ കുട്ടികളുടെ പഠനവും മുടങ്ങിയതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ.
English Summary:









English (US) ·