പന്തിനു പകരക്കാരനെ തേടിയ അഗാർക്കറും സംഘവും ആദ്യം സമീപിച്ചത് ഇഷാൻ കിഷനെ; ഇംഗ്ലണ്ട് ‘ഓഫർ’ നിരസിച്ച് താരം, കാരണം..

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 25 , 2025 10:03 PM IST

1 minute Read

ഇഷാൻ കിഷൻ (X/@cfll_live), അജിത് അഗാർക്കർ (X/@BCCI)
ഇഷാൻ കിഷൻ (X/@cfll_live), അജിത് അഗാർക്കർ (X/@BCCI)

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാൽവിരലിനു പരുക്കേറ്റ ഋഷഭ് പന്തിനു പകരക്കാരനെ തേടിയപ്പോൾ, അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ആദ്യം സമീപിച്ചത് ജാർഖണ്ഡ് താരം ഇഷാൻ കിഷനെയെന്ന് റിപ്പോർട്ട്. ഇഷാൻ കിഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തമിഴ്നാട് താരം എൻ.ജഗദീശനെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. സ്കൂട്ടറിൽനിന്ന് വീണ് കാലിനേറ്റ പരുക്കാണ്, ദേശീയ ടീം സിലക്ടർമാർ ക്ഷണിച്ചിട്ടും അവരോട് ‘നോ പറയാൻ’ ഇഷാൻ കിഷനെ നിർബന്ധിതനാക്കിയത്. സ്കൂട്ടറിൽ നിന്ന് വീണതിനെ തുടർന്നു പരുക്കേറ്റ ഇഷാൻ കിഷന്റെ കാലിൽ, ഏതാനും തുന്നലുകളുമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനായി ഇഷാൻ കിഷൻ ഇംഗ്ലണ്ടിലുണ്ടായിരുന്നു. അവിടെ നോട്ടിങ്ങംഷെയറിനായി കളിച്ചിരുന്ന താരം, പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചുരുങ്ങിയ കാലയളവിൽ മാത്രം കൗണ്ടിയിൽ കളിക്കാനായി കരാർ ഒപ്പിട്ട താരം, 87, 77 റൺസ് വീതം സ്കോർ ചെയ്ത് ഫോം തെളിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സിലക്ടർമാർ ഇഷാൻ കിഷനെ സമീപിച്ചത്.

അതേസമയം, ഇഷാൻ കിഷന്റെ അഭാവത്തിൽ സിലക്ടർമാർ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ എൻ.ജഗദീശനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ പരുക്കു വകവയ്ക്കാതെ വീണ്ടും ബാറ്റിങ്ങിനെത്തിയ ഋഷഭ് പന്ത്, പ്രത്യേക ഷൂസ് അണിഞ്ഞാണ് കളിച്ചത്. സ്കാനിങ്ങിൽ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ താരത്തിന് വിശ്രമം അനുവദിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ജഗദീശനെ ടീമിലേക്കു വിളിപ്പിച്ചത്.

അതേസമയം, പന്തിനു പകരം ആദ്യ ഇന്നിങ്സിൽ കീപ്പറായ ധ്രുവ് ജുറേൽ തന്നെയായിരിക്കും അഞ്ചാം ടെസ്റ്റിലും വിക്കറ്റ് കാക്കുക. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് താരമായ ഇരുപത്തിയൊൻപതുകാരൻ ജഗദീശൻ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

English Summary:

Ishan Kishan Had To Reject BCCI Offer Of Replacing Rishabh Pant In England

Read Entire Article