Published: August 02 , 2025 09:00 AM IST
1 minute Read
ലണ്ടൻ∙ ആദ്യ ഇന്നിങ്സിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഇംഗ്ലിഷ് പേസർ ക്രിസ് വോക്സ് മത്സരത്തിൽ നിന്നു പിൻവാങ്ങിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒന്നാം ഇന്നിങ്സിൽ കരുൺ നായരുടെ ഷോട്ട് ബൗണ്ടറി കടക്കാതെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് വോക്സിന്റെ ഇടതു തോളിനു പരുക്കേറ്റത്. ഇതോടെ ഒന്നാം ഇന്നിങ്സിൽ ക്രിസ് വോക്സ് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഒൻപതു വിക്കറ്റ് നഷ്ടമായതോടെ അവർക്ക് ബാറ്റിങ് അവസാനിപ്പിക്കേണ്ടിയും വന്നു. രണ്ടാം ഇന്നിങ്സിലും വോക്സിന്റെ അഭാവം ഇംഗ്ലിഷ് ബോളിങ് നിരയെ ബാധിച്ചേക്കും. നാലാം ടെസ്റ്റിനിടെ ഋഷഭ് പന്തിന് പരുക്കേറ്റപ്പോൾ, പരുക്ക് കളിയുടെ ഭാഗമാണെന്നും പകരക്കാരെ അനുവദിക്കരുതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് നിരയിൽ വോക്സിന്റെ പുറത്താകൽ.
ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സമനില വിവാദത്തിനു പിന്നാലെയാണ്, ഋഷഭ് പന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട് ബെൻ സ്റ്റോക്സ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. പരുക്കുകൾ കളിയുടെ ഭാഗമാണെന്നും, അന്തിമ ഇലവനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ മാറ്റാൻ അനുവദിക്കരുതെന്നുമായിരുന്നു സ്റ്റോക്സിന്റെ ആവശ്യം. പകരക്കാരെ അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ ടീമുകൾ അതു മുതലെടുക്കുമെന്നായിരുന്നു സ്റ്റോക്സിന്റെ വാദം.
‘‘പരുക്കേറ്റവർക്കു പകരക്കാരെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെ അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. ടീമുകൾക്ക് മുതലെടുക്കാൻ സാധിക്കുന്ന ഒട്ടേറെ പഴുതുകൾ അതിലുണ്ട്. ഒരു മത്സരത്തിനായി 11 പേരെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, പരുക്കു സംഭവിക്കുന്നതെല്ലാം കളിയുടെ ഭാഗമാണ്. കൺകഷനുമായി ബന്ധപ്പെട്ട് താരങ്ങളെ പകരം ഇറക്കുന്നത് മനസിലാക്കാം. കളിക്കാരുടെ ക്ഷേമവും സുരക്ഷയും പ്രധാനപ്പെട്ടതാണല്ലോ. എങ്കിലും പരുക്കിന്റെ പേരിൽ പകരക്കാരെ കളത്തിലിറക്കാനുള്ള ഈ ചർച്ചകൾ അവസാനിപ്പിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. എനിക്ക് കളിക്കിടെ എന്തെങ്കിലും സംഭവിച്ച് എംആർഐ സ്കാൻ വേണ്ടിവന്നാൽപ്പോലും പകരക്കാരനെ ഇറക്കാവുന്ന സ്ഥിതിയാവില്ലേ?’ – സ്റ്റോക്സ് ചോദിച്ചു.
അതേസമയം, സ്റ്റോക്സിന്റെ നിലപാടിനെ തള്ളി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. 11 അംഗങ്ങളുള്ള ഒരു ടീമിനെതിരെ 10 പേരുമായി കളിക്കേണ്ടി വരുന്നത് എന്തൊരു ദുർവിധിയാണെന്നായിരുന്നു ഗംഭീറിന്റെ മറുചോദ്യം.
‘‘പരുക്കേറ്റ കളിക്കാർക്ക് പകരക്കാരെ അനുവദിക്കണമെന്നാണ് എന്റെ പക്ഷം. കളിക്കാരനു സംഭവിച്ച പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്ന് അംപയറിനും മാച്ച് റഫറിക്കും ബോധ്യപ്പെട്ടാൽ പകരക്കാരൻ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. പരുക്ക് ഗുരുതരമാണെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങളിൽ പകരക്കാരനെ ഇറക്കാൻ സാധിക്കുന്ന തരത്തിലുള്ളതാകണം നിയമം. അതിൽ യാതൊരു പ്രശ്നവും ഞാൻ കാണുന്നില്ല. പ്രത്യേകിച്ചും ആദ്യ മൂന്നു ടെസ്റ്റുകളിലും വാശിയേറിയ പോരാട്ടം നടന്ന ഇതുപോലുള്ള പരമ്പരകളിൽ. 11 പേരുള്ള ടീമിനെതിരെ 10 പേരുമായി പൊരുതേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ഞങ്ങളെ സംബന്ധിച്ച് എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാകുമായിരുന്നു അത്’ – ഗംഭീർ ചോദിച്ചു.
English Summary:








English (US) ·