പന്തിനു പിന്നാലെ മറ്റൊരു താരം കൂടി പരുക്കേറ്റു പുറത്ത്, ‘ഗംഭീർ വളർത്തിയ’ ഓൾറൗണ്ടർ ഏകദിന ടീമിലേക്ക്

1 week ago 1

ഓൺലൈൻ ഡെസ്ക്

Published: January 12, 2026 03:34 PM IST

1 minute Read

 SHAMMI MEHRA / AFP
വാഷിങ്ടൻ സുന്ദറും കെ.എൽ. രാഹുലും ആദ്യ ഏകദിനത്തിനിടെ. Photo: SHAMMI MEHRA / AFP

വഡോദര∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദർ പുറത്ത്. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ പന്തെറിയുന്നതിനിടെ വാഷിങ്ടൻ സുന്ദറിന് വാരിയെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി ബിസിസിഐ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനകൾക്കു ശേഷമായിരിക്കും വാഷിങ്ടന്‍ സുന്ദറിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമാകുക. ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങളും വാഷിങ്ടണിനു നഷ്ടമാകും.

പകരക്കാരനായി ഓൾറൗണ്ടർ ആയുഷ് ബദോനിയെ ഇന്ത്യൻ ടീം ക്യാംപിലേക്കു വിളിച്ചിട്ടുണ്ട്. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരും. യുവ ഓൾറൗണ്ടറെ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കു പരിഗണിക്കുന്നത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ട്വന്റി20 ലോകകപ്പിലും കളിക്കാനൊരുങ്ങുന്ന വാഷിങ്ടന്‍ സുന്ദറിന്റെ പരുക്ക് ഇന്ത്യൻ ടീം ക്യാംപിനെ ആശങ്കയിലാഴ്ത്തുകയാണ്. കൂടുതൽ റിസ്ക് ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണു താരത്തെ ഏകദിനത്തിൽനിന്ന് മാറ്റിനിർത്തിയതെന്നാണു വിവരം.

പരിശോധനകൾക്കു ശേഷം പരുക്കു ഗുരുതരമല്ലെങ്കിൽ വാഷിങ്ടൻ സുന്ദർ ട്വന്റി20 ടീമിന്റെ ഭാഗമായേക്കും. ടീമിലെത്തിയെങ്കിലും ആയുഷ് ബദോനിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കളിക്കാനിറങ്ങാനാണു സാധ്യത. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ബദോനി, ര‍ഞ്ജി ട്രോഫിയിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനാണ്.2022 ൽ ഇപ്പോഴത്തെ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ, ലക്നൗ മെന്ററായിരുന്ന കാലത്താണ് ബദോനിക്ക് ആദ്യമായി ഐപിഎലിൽ അവസരം കിട്ടുന്നത്.

അരങ്ങേറ്റ മത്സരത്തിൽ ഫിനിഷർ റോളിൽ അര്‍ധ സെഞ്ചറി നേടിയതോടെ ലക്നൗ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായി താരം മാറി. 26 വയസ്സുകാരനായ താരം ഇന്ത്യ എ ടീമിനുവേണ്ടിയും കളിക്കാനിറങ്ങിയിട്ടുണ്ട്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കിടെ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് വാഷിങ്ടൻ സുന്ദര്‍. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റു മടങ്ങിയിരുന്നു. പന്തിന്റെ പകരക്കാരനായി ധ്രുവ് ജുറേൽ ടീമിലെത്തി.

English Summary:

Washington Sundar ruled retired of ODI bid owed to injury. Ayush Badoni has been named arsenic his replacement successful the Indian squad

Read Entire Article