പന്തിനെച്ചൊല്ലി അഞ്ചാം ദിനവും വിവാദം; പന്ത് മാറ്റിയപ്പോള്‍ അമ്പയറെ നോക്കി മുഷ്ടി ചുരുട്ടി ജഡേജ

6 months ago 7

24 June 2025, 10:19 PM IST

india-england-test-ball-controversy

Photo: x.com/oneturf_news/

ലീഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലും ഉപയോഗിച്ച പന്തിനെച്ചൊല്ലി വിവാദം. പന്തിന്റെ അവസ്ഥ മോശമാണെന്നും പന്ത് മാറ്റണമെന്നും ആവശ്യപ്പെട്ട് 25 ഓവറിനിടെ തന്നെ ഇന്ത്യന്‍ താരങ്ങള്‍ അമ്പയര്‍മാരായ പോള്‍ റീഫലിനെയും ക്രിസ് ഗഫാനിയേയും സമീപിച്ചു. അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പന്തിന്റെ ആകൃതി മാറിയതിനെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത്. പിന്നാലെ മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഗില്ലിനൊപ്പം ചേര്‍ന്നു. എന്നാല്‍ അമ്പയര്‍ പന്ത്, പരിശോധിക്കുന്ന ഗേജിലൂടെ കടത്തിവിട്ട ശേഷം അത് മാറ്റില്ലെന്ന് താരങ്ങളെ അറിയിക്കുകയായിരുന്നു. ഡ്യൂക്ക്‌സ് ബോളാണ് ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ആകൃതി പെട്ടെന്ന് മാറുമെന്ന പരാതി വ്യാപകമായിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍ പന്തിനെക്കുറിച്ച് തുടര്‍ച്ചയായി അമ്പയറോട് പരാതിപ്പെട്ടതോടെ ലീഡ്‌സിലെ ഇംഗ്ലണ്ട് കാണികള്‍ ഇന്ത്യന്‍ താരങ്ങളെ കൂവി വിളിക്കുകയും ചെയ്തു. ഒടുവില്‍ നിരന്തര പരാതികള്‍ക്കു ശേഷം 27-ാം ഓവറിനു ശേഷമാണ് അമ്പയര്‍മാര്‍ പന്ത് മാറ്റാന്‍ തയ്യാറായത്. പന്ത് പരിശോധിക്കുന്ന ഗേജ് വഴി കടക്കാതിരുന്നതോടെ അവര്‍ പന്ത് മാറ്റിനല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 28-ാം ഓവര്‍ എറിയാനെത്തിയ ജഡേജ, പന്ത് മാറ്റിയ ആഹ്ലാദം അമ്പയര്‍ ഗഫാനിക്കു നേരേ മുഷ്ടി ചുരുട്ടിയാണ് ആഘോഷിച്ചത്. ഒരു പുഞ്ചിരിയായിരുന്നു ഗഫാനിയുടെ മറുപടി.

അതേസമയം ഈ പ്രവൃത്തിക്ക് ജഡേജയ്‌ക്കെതിരേ ഐസിസി നടപടി വരുമോ എന്ന ആശങ്കയുമുണ്ട്. പന്ത് മാറ്റിയതിന്റെ പേരില്‍ ഒരു താരം അമ്പയറുടെ മുഖത്തുനോക്കി ആഘോഷിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പ്രതികരണം. അതേസമയം മൂന്നാം ദിവസത്തെ ഒന്നാം സെഷനില്‍ മോശമായ പന്ത് മാറ്റണമെന്ന ആവശ്യം നിരാകരിച്ച അമ്പയര്‍ക്കെതിരേ പ്രതിഷേധിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിനെ ഐസിസി താക്കീത് ചെയ്തിരുന്നു. പന്ത് മാറ്റിത്തരാന്‍ അമ്പയര്‍ വിസമ്മതിച്ചതില്‍ കുപിതനായ ഋഷഭ്, കൈയിലിരുന്ന പന്ത് വലിച്ചെറിയുകയായിരുന്നു. ഇതാണ് അച്ചടക്കനടപടിക്ക് കാരണമായത്.

Content Highlights: India`s complaints astir the aged shot led to a heated speech with umpires

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article