25 June 2025, 08:58 PM IST

Photo: ANI
ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി മാറിയിരിക്കുകയാണ് ഋഷഭ് പന്ത്, പ്രത്യേകിച്ചും വിദേശത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍. പന്തിന്റെ കരിയറിലെ എട്ട് ടെസ്റ്റ് സെഞ്ചുറികളില്‍ ആറും വിദേശ മണ്ണിലാണ്. ഇപ്പോഴിതാ ആന്‍ഡേഴ്‌സണ്‍ - തെണ്ടുല്‍ക്കര്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടി പന്ത് റെക്കോഡിടുകയും ചെയ്തിരുന്നു. എന്നാല്‍ പന്ത് വിദേശത്ത് സെഞ്ചുറി നേടിയ ടെസ്റ്റില്‍ ഒന്നില്‍ പോലും ഇന്ത്യ ജയിച്ചിട്ടില്ല. ഒന്നുകില്‍ സമനിലയോ അല്ലെങ്കില്‍ തോല്‍വിയോ ആയിരുന്നു ആ ടെസ്റ്റുകളിലെ ഫലം. സെഞ്ചുറി ശാപം പന്തിനെ പിന്തുടരുകയാണോ?
ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 118 റണ്‍സും നേടിയ പന്ത് ഇന്ത്യന്‍ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. പക്ഷേ മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റു.
2018-ല്‍ കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. അന്ന് 114 റണ്‍സാണ് താരം നേടിയത്. 118 റണ്‍സിന്റെ തോല്‍വിയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരുന്നത്.
2019-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പന്തിന്റെ അടുത്ത വിദേശ സെഞ്ചുറി. ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുക്കാന്‍ പന്തിന്റെ ഇന്നിങ്‌സിനായി. തുടര്‍ന്ന് 2022-ല്‍ ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പന്ത് 100* റണ്‍സടിച്ചു. ഇതില്‍ ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയായിരുന്നു. പിന്നീട് 2022-ല്‍ ഇംഗ്ലണ്ടിനെതിരേ എഡ്ജ്ബാസ്റ്റണില്‍ പന്ത് 146 റണ്‍സെടുത്തു. ഈ ടെസ്റ്റും ഇന്ത്യ തോറ്റു. പിന്നാലെ ഹെഡിങ്‌ലിയില്‍ ഇക്കഴിഞ്ഞ ടെസ്റ്റില്‍ രണ്ടു സെഞ്ചുറികള്‍ നേടിയെങ്കിലും അതിലും ഫലം തോല്‍വി.
Content Highlights: Rishabh Pant`s overseas centuries haven`t translated into India wins. Is determination a curse?








English (US) ·