
പരിക്കേറ്റ ഋഷഭ് പന്ത് |ഫോട്ടോ:PTI
മാഞ്ചസ്റ്റര്‍: ക്രിസ് വോക്‌സിന്റെ യോർക്കര്‍ ലെങ്ത്ത് പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പരിക്കേറ്റിരുന്നു. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കെ പരിക്കേറ്റ പന്ത് റിട്ടയര്‍ ഹട്ടായി മടങ്ങി. സംഭവത്തില്‍ പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു.
കാല്‍പാദത്തിനാണ് പരിക്കേറ്റത്. ആദ്യം കളിക്കളത്തില്‍ വെച്ച് വൈദ്യസഹായം നല്‍കിയെങ്കിലും പിന്നീട് വാഹനത്തിലാണ് പന്തിനെ ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. സ്‌കാനിങ്ങിന് വിധേയമാക്കിയ പന്തിനെ ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണെന്നും ബിസിസിഐ അറിയിച്ചു.
വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്താണ് ഋഷഭ് പന്തിന്റെ കാല്‍വിരലില്‍ പതിച്ചത്. ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ എല്‍ബി വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ റിവ്യൂവിലെ ചെറിയൊരു ഇന്‍സൈഡ് എഡ്ജ് പന്തിനെ രക്ഷിച്ചു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കീപ്പിങിനിടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹത്തിന് വിക്കറ്റ് കീപ്പറാകാന്‍ സാധിച്ചിരുന്നില്ല. പരമ്പരയില്‍ പന്തിനേല്‍ക്കുന്ന രണ്ടാമത്തെ പരിക്കാണിത്.
പന്ത് ബാറ്റിങ്ങിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ പറഞ്ഞു. 'പന്ത് വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട്, അദ്ദേഹം തിരിച്ചെത്തിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു ബാറ്ററെ നഷ്ടമാകും' സായ് സുദര്‍ശന്‍ പറഞ്ഞു.
ഇത്തവണയും പന്തിന് വിക്കറ്റിന് പിന്നില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നാണ് സൂചന. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ പന്തിന് പകരം വിക്കറ്റ് കീപ്പറായത് ധ്രുവ് ജുറെലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പന്തിന് വിട്ടുനില്‍ക്കേണ്ടി വരികയാണെങ്കില്‍ ഇഷാന്‍ കിഷന്റെ സേവനം ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുമെന്നാണ് വിവരം. അടുത്തിടെ രണ്ട് കൗണ്ടി മത്സരങ്ങള്‍ കളിച്ച ഇഷാന്‍ കിഷന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ലയണ്‍സിനെ നേരിട്ട ഇന്ത്യ എ ടീമിലും അംഗമായിരുന്നു. അങ്ങനെയല്ലെങ്കിൽ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതാണ് മറ്റൊരു സാധ്യത.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളും സായ് സുദര്‍ശനും പൊരുതി നേടിയ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ മികച്ച സ്‌കോറിനായി ഇന്ത്യ പൊരുതുകയാണ്. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 264 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
Content Highlights: Rishabh Pant Injured During Fourth Test Against England: Impacting India's Wicketkeeping Options








English (US) ·