മാഞ്ചസ്റ്റർ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് എന്ന പേരിൽ പ്രസിദ്ധമാണ് ഓൾഡ് ട്രാഫഡ്. എന്നാൽ ഫുട്ബോൾ സ്റ്റേഡിയം വരുന്നതിനും ഏതാണ്ട് 60 വർഷം മുൻപ്, 1857ൽ ഓൾഡ് ട്രാഫഡിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഉയർന്നിരുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ആ മണ്ണിലാണ് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ചരിത്രമുറങ്ങുന്ന ഓൾഡ് ട്രാഫഡിൽ പക്ഷേ, ഇന്ത്യൻ ടീമിന്റെ ചരിത്രം അത്ര സുഖകരമല്ല.
ഇതുവരെ 9 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓൾഡ് ട്രാഫഡിൽ കളിച്ചത്. ഇതിൽ നാലെണ്ണം തോറ്റപ്പോൾ അഞ്ചെണ്ണം സമനിലയായി. ബാലികേറാമലയായി നിൽക്കുന്ന ഗ്രൗണ്ടിലേക്കാണ് പരമ്പരയിലെ നിർണായക മത്സരത്തിനായി ശുഭ്മൻ ഗില്ലും സംഘവും വരുന്നത്. മറുവശത്ത് 5 മത്സര പരമ്പരയിൽ 2–1നു മുന്നിൽ നിൽക്കുന്ന ആതിഥേയർക്കു പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഓൾഡ് ട്രാഫഡിൽ കാത്തിരിക്കുന്നത്. മത്സരം വൈകിട്ട് 3.30 മുതൽ സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ബലം കൂട്ടാൻ ബാറ്റിങ്
ബാറ്റിങ് ദുഷ്കരമാകുമെന്നു പ്രതീക്ഷിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിൽ ഒരു എക്സ്ട്രാ ബാറ്ററെ കളിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ പരുക്കേറ്റു പുറത്തായ നിതീഷ് കുമാർ റെഡ്ഡിക്കു പകരം ധ്രുവ് ജുറേൽ ടീമിലെത്തും. നിതീഷിനു പകരം ഷാർദൂൽ ഠാക്കൂർ മതിയെന്നു തീരുമാനിച്ചാൽ വാഷിങ്ടൻ സുന്ദറിനു പകരം ജുറേലിനെ പരിഗണിച്ചേക്കും. മൂന്നാം നമ്പറിൽ കരുൺ നായർ കളിക്കാനാണു സാധ്യത.
പേസ് ആശങ്ക
ആകാശ് ദീപ്, അർഷ്ദീപ് സിങ് എന്നീ പേസർമാർ പരുക്കിന്റെ പിടിയിലായതോടെ നാലാം ടെസ്റ്റിൽ ഏതൊക്കെ പേസർമാരെ കളിപ്പിക്കണമെന്ന സംശയത്തിലാണ് ടീം ഇന്ത്യ. സീനിയർ പേസർ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാം പേസറായി ആരു വരും എന്നതാണ് അറിയേണ്ടത്. ആദ്യ ടെസ്റ്റ് കളിച്ച പ്രസിദ്ധ് കൃഷ്ണയ്ക്ക് വീണ്ടും അവസരം നൽകുമോ അതോ യുവ പേസർ അംശുൽ കംബോജിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ എന്നതു കണ്ടറിയണം. സന്നാഹമത്സരത്തിലെ മികച്ച പ്രകടനം അംശുലിനു മുൻതൂക്കം നൽകുന്നു.
ആരാകും ‘സച്ചിൻ’
മാഞ്ചസ്റ്ററിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന ടീം ടോട്ടൽ പിറന്നത് 1990ലായിരുന്നു– 432 റൺസ്. അന്ന് രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ 17 വയസ്സുകാരൻ സച്ചിൻ തെൻഡുൽക്കറുടെ ഇന്നിങ്സായിരുന്നു മത്സരം സമനിലയിലാക്കാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത്. പിന്നാലെ 2014ലാണ് ഇന്ത്യൻ ടീം മാഞ്ചസ്റ്ററിൽ ടെസ്റ്റ് കളിക്കാനെത്തിയത്. അന്ന് ഇന്നിങ്സ് തോൽവി വഴങ്ങിയ ടീമിന്റെ ടോസ് സ്കോറർ ക്യാപ്റ്റൻ എം.എസ്.ധോണിയായിരുന്നു (71). 11 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മാഞ്ചസ്റ്ററിൽ ഇറങ്ങുമ്പോൾ ടീമിന്റെ രക്ഷകനായി മറ്റൊരു ‘സച്ചിൻ’ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗംഭീർ മുതൽ ജഡേജ വരെ
2014ൽ ഇന്ത്യ അവസാനമായി മാഞ്ചസ്റ്ററിൽ ടെസ്റ്റ് കളിച്ചപ്പോൾ നിലവിലെ പരിശീലകൻ ഗൗതം ഗംഭീറായിരുന്നു ടീമിന്റെ ഓപ്പണർ. 4,18 എന്നിങ്ങനെയായിരുന്നു 2 ഇന്നിങ്സിലും ഗംഭീറിന്റെ സ്കോർ. അന്നത്തെ ടീമിലുണ്ടായിരുന്ന ഒരേയൊരു താരമേ ഇന്നും ടീമിനൊപ്പമുള്ളൂ– രവീന്ദ്ര ജഡേജ. 0,4 എന്നിങ്ങനെയായിരുന്നു 2 ഇന്നിങ്സിലും ജഡേജയുടെ സ്കോർ. 13.3 ഓവർ പന്തെറിഞ്ഞ ജഡേജയ്ക്ക് അന്ന് നേടാനായത് ഒരു വിക്കറ്റ് മാത്രം.
പ്രതീക്ഷയുടെ റൂട്ട്
11 മത്സരങ്ങളിൽ നിന്ന് 65.20 ശരാശരിയിൽ ഒരു സെഞ്ചറിയും 7 അർധ സെഞ്ചറിയുമടക്കം 978 റൺസാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് ഗ്രൗണ്ടിൽ ഇംഗ്ലിഷ് താരം ജോ റൂട്ടിന്റെ നേട്ടം. പരമ്പരയിൽ മികച്ച ഫോമിലുള്ള റൂട്ട് തന്നെയാകും മാഞ്ചസ്റ്ററിലും ഇംഗ്ലിഷ് ബാറ്റിങ്ങിന്റെ പടനായകൻ. 52.63 ശരാശരിയിൽ 579 റൺസ് നേടിയ ബെൻ സ്റ്റോക്സിനും മാഞ്ചസ്റ്റർ ഭാഗ്യഗ്രൗണ്ടാണ്. പരമ്പരയിൽ കൈമോശം വന്ന തന്റെ ബാറ്റിങ് ഫോം മാഞ്ചസ്റ്ററിൽ തിരിച്ചുപിടിക്കാനുറപ്പിച്ചാകും ഇംഗ്ലണ്ട് നായകൻ ഇറങ്ങുക.
പന്ത് കീപ്പറാകും: ഗിൽ
നാലാം ടെസ്റ്റിൽ ഋഷഭ് പന്ത് തന്നെയായിരിക്കും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ലോഡ്സ് ടെസ്റ്റിനിടെ കൈവിരലിനു പരുക്കേറ്റ പന്ത് മാഞ്ചസ്റ്ററിൽ സ്പെഷലിസ്റ്റ് ബാറ്ററായി മാത്രം കളിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പന്ത് തന്നെയാകും വിക്കറ്റ് കീപ്പറെന്നു ഗിൽ വ്യക്തമാക്കി. പേസർ ആകാശ് ദീപ് ഇന്നു കളിക്കില്ലെന്നും പകരം ആരു വരുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഗിൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം വൈകിപ്പിക്കാനുള്ള ഇംഗ്ലിഷ് ഓപ്പണർമാരുടെ ‘കൗശലത്തെ’ ഗിൽ വിമർശിച്ചു. ‘ മൂന്നാം ദിനം കളി തീരാൻ 7 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ഇംഗ്ലിഷ് ഓപ്പണർമാർ ക്രീസിലേക്ക് വന്നതു തന്നെ ഒന്നര മിനിറ്റ് വൈകിയാണ്. അതിനു ശേഷവും അവർ മനഃപൂർവം കളി വൈകിപ്പിച്ചു. ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേർന്ന പെരുമാറ്റമായിരുന്നില്ല അത്’– ഗിൽ പറഞ്ഞു.
ഗില്ലിനെ പ്രശംസിച്ച് റിക്കി പോണ്ടിങ്
ലോഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അഗ്രഷനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ടീം മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ഗില്ലിന്റെ സ്വാഭാവിക പ്രതികരണമായിരുന്നില്ല അത്. ഗില്ലിനെ മുൻപ് ഒരിക്കലും നമ്മൾ അങ്ങനെ കണ്ടിട്ടില്ല. എന്നാൽ ഒരു ക്യാപ്റ്റന്റെ ചുമതലയാണ് ടീമിനു വേണ്ടി മുന്നിൽ നിൽക്കുക എന്നത്. ഗിൽ അത് ഭംഗിയായി നിർവഹിച്ചു’– പോണ്ടിങ് പറഞ്ഞു.
പിച്ച് നിറയെ പേസ്
പേസ് ബോളർമാരെ തുണയ്ക്കുന്ന പിച്ചാണ് ഓൾഡ് ട്രാഫഡിലേത്. മഴയ്ക്കു സാധ്യതയുള്ളതിനാൽ പേസ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കും. അപ്രതീക്ഷിത ബൗൺസുമായി ബാറ്റർമാരെ പ്രതിരോധത്തിലാക്കുന്ന പിച്ചിൽ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറായിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി.
English Summary:








English (US) ·