Published: June 28 , 2025 10:57 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഷാർദൂൽ ഠാക്കൂറിനെപ്പോലൊരു പേസർ ടീമിലുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിലൊന്നും ശുഭ്മൻ ഗിൽ അദ്ദേഹത്തെ ഉപയോഗിച്ചില്ലെന്ന് അശ്വിൻ വിമർശിച്ചു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റർമാര്‍ നിലയുറപ്പിച്ച ശേഷമാണ് ഷാർദൂൽ ഠാക്കൂറിനെ ഇന്ത്യ പന്തേൽപിച്ചത്.
‘‘ഷാർദൂൽ ഠാക്കൂർ ടീമിലുണ്ട്. പക്ഷേ ആദ്യ 40 ഓവറുകളിൽ അദ്ദേഹത്തിനു പന്തു നൽകിയതു പോലുമില്ല. ജോ റൂട്ടിനെ കൈകാര്യം ചെയ്യാൻ ഷാർദൂലിന് സാധിക്കുമായിരുന്നു. പന്തു കൊടുക്കുന്നില്ലെങ്കിൽ നാലാമതൊരു ഫാസ്റ്റ് ബോളർ എന്തിനാണ്?. രണ്ടു സ്പിന്നർമാരെ കളിപ്പിക്കാമായിരുന്നല്ലോ. ഷാർദൂൽ ഠാക്കൂറിന് എന്തെങ്കിലും ചെയ്യാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തിന് ആദ്യം പന്തു നൽകണം’’– അശ്വിൻ പ്രതികരിച്ചു.
‘‘രണ്ടാം ഇന്നിങ്സിലും ഷാർദൂൽ ഒരുപാടൊന്നും പന്തെറിഞ്ഞില്ല. പക്ഷേ ആദ്യ ഇന്നിങ്സിനേക്കാൾ പന്ത് എറിയാൻ അവസരം കിട്ടി. ഒന്നാം ടെസ്റ്റിൽ ഷാർദൂലിന്റെ റോൾ വളരെ ചെറുതായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരുപാട് ആശങ്കപ്പെടുന്നതു ശരിയായ കാര്യമല്ല.’’– അശ്വിൻ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സിൽ ആറോവറുകൾ മാത്രമാണ് ഷാർദൂലിനെക്കൊണ്ട് പന്തെറിയിച്ചത്. 38 റൺസ് വഴങ്ങിയെങ്കിലും താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്സിൽ പത്തോവർ പന്തെറിഞ്ഞ താരം 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·