കല്പറ്റ: കുട്ടിക്കാലം മുതലേ ഫുട്‌ബോളിന്റെ വഴിയേ നടന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ് സഹോദരങ്ങളായ അലക്‌സ് സജിയും അലന്‍ സജിയും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇപ്പോള്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനക്യാമ്പില്‍ ഇടംനേടിയിരിക്കുകയാണ് ഇരുവരും. അലക്‌സ് സജി സീനിയര്‍ ടീമിന്റെ ക്യാമ്പിലും സഹോദരന്‍ അലന്‍ സജി അണ്ടര്‍ 23 ദേശീയക്യാമ്പിലുമാണ് ഇടംനേടിയത്. കഠിനാധ്വാനവും കഴിഞ്ഞമത്സരങ്ങളിലെ പ്രകടനങ്ങളുമാണ് ഇരുവരെയും പുതിയ നേട്ടത്തിലെത്തിച്ചത്.
പ്രതിരോധതാരമായ അലക്‌സ് ഐലീഗ് ടീമായ ഗോകുലം കേരളയില്‍നിന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തുന്നത്. ഗോകുലം എഫ്‌സി ഐലീഗിലും ഡ്യൂറണ്ട് കപ്പിലും കിരീടം ചൂടിയപ്പോള്‍ അലക്‌സ് സജിയും ടീമിലുണ്ടായിരുന്നു. ഐഎസ്എല്‍ സീസണില്‍ ഹൈദരാബാദ് എഫ്‌സിക്കായുള്ള അലക്‌സിന്റെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അവസാന സീസണില്‍ അലക്‌സ് ക്യാപ്റ്റനായി ഹൈദരാബാദ് എഫ്‌സിയെ നയിക്കുകയും ചെയ്തു.
ഇതാണ് പ്രധാനമായും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനക്യാമ്പിലിടം നേടാന്‍ സഹായകമായത്. ഇതിനുപുറമേ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 18, തൃശ്ശൂര്‍ റെഡ്സ്റ്റാര്‍ എന്നീ ടീമുകള്‍ക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
മുംബൈ റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാംപ്‌സ് (ആര്‍എഫ് വൈസി) അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അലന്‍ സജി ഫുട്‌ബോളില്‍ തിളങ്ങിത്തുടങ്ങിയത്. അവിടെനിന്ന് എഫ്‌സി ഗോവയിലെത്തി. ജപ്പാനില്‍ നടന്ന യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സാനിക്‌സ് കപ്പിലും അലന്‍ മത്സരിച്ചു. നിലവില്‍ എഫ്‌സി ഗോവയുടെ മുന്നേറ്റതാരമാണ് അലന്‍.
തുടക്കം മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലൂടെ
മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് അലക്‌സും അലനും ഫുട്‌ബോളിന്റെ ലോകത്ത് കാലുറപ്പിക്കുന്നത്. 11-ാം വയസ്സിലാണ് ഇരുവരും ഫുട്‌ബോള്‍ പരിശീലനത്തിനായി മീനങ്ങാടി അക്കാദമിയിലെത്തുന്നത്. പരിശീലകരായ സി.പി. ബിനോയ്, ബൈജു, മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി മാനേജര്‍ ഫൗജു വി. അബ്ബാസ് എന്നിവരാണ് അലക്‌സിനെ ഫുട്‌ബോളില്‍ കൈപിടിച്ചുയര്‍ത്തിയത്. മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയില്‍നിന്ന് അലക്‌സ് പിന്നീട് തൃശ്ശൂര്‍ റെഡ്സ്റ്റാറിന്റെ പരിശീലനക്യാമ്പിലെത്തി. പിന്നീടുള്ള ഓരോ മത്സരങ്ങളിലും തിളങ്ങിയതോടെ അലക്‌സ് വിജയപ്പടവുകള്‍ കയറിക്കൊണ്ടേയിരുന്നു.
ജ്യേഷ്ഠനു പിന്നാലെ മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലെത്തിയ സഹോദരന്‍ അലനും ഫുട്‌ബോളില്‍ മുന്നേറി.
പരിശീലനം തുടങ്ങി അധികം വൈകാതെത്തന്നെ മുംബൈ റിലയന്‍സ് ഫൗണ്ടേഷനിലുമെത്തി. അവിടെനിന്ന് വിവിധ മത്സരങ്ങിലൂടെ മുന്നേറിയാണ് ദേശീയഫുട്‌ബോള്‍ ടീമിന്റെ പരിശീലനക്യാമ്പിലുമെത്തിയത്.
മീനങ്ങാടി ചീരാംകുന്നില്‍ സജിയുടെയും സന്ധ്യയുടെയും മക്കളാണ് അലക്‌സും അലനും.
അലക്‌സിന് കുഞ്ഞുനാള്‍മുതലേ ഫുട്‌ബോളിനോട് കമ്പമായിരുന്നു. അലക്‌സിനെ കണ്ടാണ് അലനും ഫുട്‌ബോളിന്റെ വഴിയേപോകുന്നത്.
ഇരുവരുടെയും നേട്ടങ്ങളില്‍ സന്തോഷമുണ്ടെന്നും രണ്ടുപേരെയും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാണ് ആഗ്രഹമെന്നും പിതാവ് സജി പറഞ്ഞു.
Content Highlights: Brothers Alex & Alan Saji, hailing from Meenangadi, Kerala, execute nationalist shot squad camp








English (US) ·