Curated by: ഗോകുൽ എസ്|Samayam Malayalam•28 May 2025, 1:05 am
Jitesh Sharma Mankad: 2025 സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. ഋഷഭ് പന്ത് അപ്പീൽ പിൻ വലിച്ചില്ലായിരുന്നെങ്കിലും ജിതേഷ് നോട്ടൗട്ട്.
ഹൈലൈറ്റ്:
- നിർണായക മത്സരത്തിൽ ആർസിബിക്ക് കിടിലൻ ജയം
- ജിതേഷ് ശർമയുടെ വെടിക്കെട്ട് കളിയിൽ നിർണായകമായി
- ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയായി മങ്കാദിങ്
ജിതേഷ് ശർമ & ഋഷഭ് പന്ത് (ഫോട്ടോസ്- Samayam Malayalam) പന്ത് ആ അപ്പീൽ പിൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, ക്രിക്കറ്റ് നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം
അതേ സമയം ചില നാടകീയ രംഗങ്ങളും ഈ കളിക്കിടെ അരങ്ങേറി. ഇതിൽ പ്രധാനപ്പെട്ടത് ജിതേഷ് ശർമയെ നോൺ സ്ട്രൈക്കിങ് എൻഡിൽ റണ്ണൗട്ട് ( മങ്കാദിങ് ) ചെയ്ത് പുറത്താക്കാനുള്ള ലക്നൗ താരം ദിഗ്വേഷ് രാത്തിയുടെ ശ്രമമായിരുന്നു. ലക്നൗ ഇന്നിങ്സിന്റെ പതിനേഴാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാനെത്തിയ രാത്തി, നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ജിതേഷ് ശർമയെ റണ്ണൗട്ടാക്കുകയായിരുന്നു (മങ്കാദിങ്). രാത്തി ബെയിൽസ് തെറിപ്പിക്കുമ്പോൾ ജിതേഷ് ക്രീസിന് വെളിയിലായിരുന്നു. ഇതോടെ എല്ലാവരും അത് വിക്കറ്റെന്ന് ഉറപ്പിച്ചു.
അതിനിടെ രാത്തിയുടെ അപ്പീലിന്മേൽ ഫീൽഡ് അമ്പയർ അന്തിമതീരുമാനമെടുക്കാൻ മൂന്നാം അമ്പയറുടെ സഹായം തേടി. എന്നാൽ അതിനിടെ ലക്നൗ നായകൻ ഋഷഭ് പന്ത് ഇടപെടുകയും വിക്കറ്റ് അപ്പീൽ പിൻവലിക്കുകയും ചെയ്തു. ഇതിനിടെ ബിഗ് സ്ക്രീനിൽ നോട്ടൗട്ടെന്ന് തെളിയുകയും ചെയ്തിരുന്നു. വിക്കറ്റ് അപ്പീൽ പിൻവലിച്ച ഋഷഭ് പന്തിനെ ഇതോടെ ക്രിക്കറ്റ് ലോകം പ്രശംസിക്കുകയും ചെയ്തു. എന്നാൽ ലക്നൗ ടീം ആ റണ്ണൗട്ട് അപ്പീലുമായി മുന്നോട്ട് പോയിരുന്നെങ്കിലും അത് വിക്കറ്റാകുമായിരുന്നില്ല എന്നതാണ് വാസ്തവം.
Also Read: ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആര്‍സിബി.
ദിഗ്വേഷ് രാത്തി തന്റെ ബൗളിങ് ആക്ഷൻ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ജിതേഷിനെ റണ്ണൗട്ടാക്കിയത് ( മങ്കാദിങ് ) എന്നതിനാൽ നിയമം അനുസരിച്ച് അത് ഔട്ടല്ലായിരുന്നു. എംസിസിയുടെ ക്രിക്കറ്റ് നിയമ പ്രകാരം ആക്ഷൻ പൂർത്തിയാക്കുകയും, പോപ്പിങ് ക്രീസ് കടക്കുകയും ചെയ്ത ബൗളർക്ക് നോൺ സ്ട്രൈക്കിങ് എൻഡിലെ ബാറ്ററെ റണ്ണൗട്ടാക്കാൻ കഴിയില്ല. ഇതുകൊണ്ടു തന്നെ പന്ത് അപ്പീൽ പിൻവലിച്ചില്ലായിരുന്നെങ്കിലും ജിതേഷ് ശർമ നോട്ടൗട്ടായി നിൽക്കുമായിരുന്നു.
Also Read: മൂന്ന് കിടിലന്‍ ലോക റെക്കോഡുകള്‍ സ്വന്തമാക്കി വിരാട് കോഹ്‌ലി.
അതേ സമയം ഈ മത്സരത്തിൽ ആർസിബിയുടെ വിജയശില്പിയായതും ജിതേഷ് ശർമ തന്നെയായിരുന്നു. വെറും 33 പന്തുകളിൽ നിന്ന് എട്ട് ഫോറുകളും ആറ് സിക്സറുകളുമടക്കം 85 റൺസായിരുന്നു ജിതേഷ് ശർമയുടെ സമ്പാദ്യം. ജിതേഷിന്റെ മാസ്മരിക പ്രകടനമാണ് 228 റൺസ് വിജയലക്ഷ്യം ഇത്ര അനായാസം ചേസ് ചെയ്യാൻ ആർസിബിയെ സഹായിച്ചത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·