Published: January 17, 2026 10:36 AM IST
1 minute Read
ഹരാരെ∙ അണ്ടർ 19 ലോകകപ്പിനിടെ ഗ്രൗണ്ടിൽ സംഭവിച്ച അബദ്ധത്തിന്റെ പേരിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ബാറ്റർ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ നിർണായക നിമിഷത്തില്‍, പാക്കിസ്ഥാന്റെ വാലറ്റത്തെ ബാറ്റർ അലി റാസയാണ് ‘അശ്രദ്ധയുടെ’ ഫലമായി പുറത്തായത്. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 211 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ, ക്യാപ്റ്റൻ ഫർഹാന്‍ യൂസഫിന്റെ അർധസെഞ്ചറി (65) കരുത്തിൽ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
എന്നാൽ വാലറ്റക്കാർ മത്സരം കൈവിടുകയായിരുന്നു. 46.3 ഓവറിൽ 173 റൺസെടുത്ത് പാക്കിസ്ഥാൻ ഓൾഔട്ടായി. 37 റൺസ് വിജയമാണ് മത്സരത്തിൽ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയായിരുന്നു മൊമിൻ ഖമർ– അലി റാസ സഖ്യം. 47–ാം ഓവറിൽ അലി റാസ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ പാക്കിസ്ഥാൻ തോൽവിയിലേക്കു വീണു. മത്സരത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ റാസയെ ഇംഗ്ലണ്ട് റൺഔട്ടാക്കുകയായിരുന്നു. വിക്കറ്റുപോകാനുള്ള സാധ്യതകൾ മുൻകൂട്ടി കാണാതിരുന്ന റാസ, പന്ത് ശരീരത്തിൽ കൊള്ളാതിരിക്കാനാണ് മാറിനിന്നതെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.
ഈ സമയത്ത് അതിവേഗം പന്തു പിടിച്ചെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ തോമസ് റ്യു ബെയ്ൽസ് ഇളക്കുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ് പാക്ക് ബാറ്റർ ക്രീസിലേക്കു തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. പുറത്തായതു വിശ്വസിക്കാനാകാതെയാണ് റാസ ഗ്രൗണ്ട് വിട്ടത്. 19ന് സ്കോട്ട്ലൻഡിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത പോരാട്ടം.
English Summary:








English (US) ·