പന്ത് സ്റ്റേഡിയം കടത്തിയ സിക്‌സ്, 3 ഇന്നിങ്‌സില്‍ കോലിയുടെ റെക്കോഡും മറികടന്ന് ബ്രെവിസ്

5 months ago 5

16 August 2025, 10:02 PM IST

brevis

ഡെവാൾഡ് ബ്രെവിസ് | AFP

ക്വീന്‍സ്ലാന്‍ഡ്: ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും ഫോമിലാണ് യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഓസീസിനെതിരായ രണ്ടാം ടി20 യില്‍ അതിവേഗ സെഞ്ചുറി കുറിച്ച താരം മൂന്നാം ടി20 യില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും നേടി. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടെങ്കിലും ബ്രെവിസിന്റെ പ്രകടനം വേറിട്ടുനിന്നു. ഒട്ടേറെ റെക്കോഡുകളും ബ്രെവിസ് ഈ ഇന്നിങ്‌സില്‍ സ്വന്തം പേരിലാക്കി.

26 പന്തില്‍ നിന്ന് 53 റണ്‍സെടുത്താണ് താരം പുറത്തായത്. ഒരു ഫോറും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ബ്രെവിസിന്റെ സിക്‌സര്‍മഴയില്‍ ഇന്ത്യന്‍ സൂപ്പര്‍താരം കോലിയുടെ റെക്കോഡും തകര്‍ന്നു. ഓസീസിനെതിരേ ടി20യില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് പ്രോട്ടീസ് ബാറ്റര്‍ സ്വന്തമാക്കിയത്. 14 സിക്‌സറുകളാണ് ബ്രെവിസിനുള്ളത്. കോലി 10 ഇന്നിങ്‌സുകളില്‍ നിന്നായി 12 സിക്‌സറുകളാണ് നേടിയത്. ബ്രെവിസാകട്ടെ ഓസീസിനെതിരായ മൂന്ന് ഇന്നിങ്‌സുകളില്‍ തന്നെ റെക്കോഡ് തിരുത്തിയെഴുതി.

ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നതായിരുന്നു ബ്രെവിസിന്റെ ഓരോ സിക്‌സറുകളും. ആരോണ്‍ ഹാര്‍ഡിയുടെ പന്ത് സ്റ്റേഡിയത്തിന് പുറത്ത് അതിര്‍ത്തി കടത്തിയ താരം ക്രിക്കറ്റ്‌പ്രേമികളെ വിസ്മയിപ്പിച്ചു. ബേബി എബിഡിയെന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്നതാണ് സമീപകാലത്തെ പ്രോട്ടീസ് ബാറ്ററുടെ പ്രകടനം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേട്ടത്തോടെ ബ്രെവിസ് പുതിയ റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു.

41 പന്തില്‍ സെഞ്ചുറി തികച്ച താരം 56 പന്തില്‍ 12 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 125 റൺസാണെടുത്തത്. അന്താരാഷ്ട്ര ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമായി ബ്രെവിസ് മാറി. ടി20 മത്സരത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 119 റണ്‍സെടുത്ത ഫാഫ് ഡുപ്ലൈസിസിന്റെ റെക്കോഡാണ് ബ്രെവിസ് തകര്‍ത്തത്. ഒരു പ്രോട്ടീസ് ബാറ്ററുടെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ചുറി കൂടിയാണിത്.

Content Highlights: brevis grounds show vs australia

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article