Published: November 11, 2025 09:46 AM IST
1 minute Read
ന്യൂഡൽഹി ∙ കളിക്കാർ വ്യക്തിപരമായി മികവു കാട്ടുകയും പരമ്പര തോൽക്കുകയും ചെയ്യുന്നത് ആഘോഷിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികവു കാട്ടിയ കളിക്കാരെക്കുറിച്ച് അഭിമാനിക്കുമ്പോഴും പരമ്പര തോറ്റതിൽ ശരിക്കും നഷ്ടബോധമുണ്ടെന്ന് ഗംഭീർ പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങളിൽ സന്തോഷമുണ്ടെങ്കിലും ടീമിന്റെ വിജയമാണ് ഏതൊരു കോച്ചും ലക്ഷ്യമിടുന്നത്. ടീമിന്റെ വിജയം കോച്ചിന്റെ ധാർമിക ഉത്തരവാദിത്തമായി കാണുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ നേട്ടം ആഘോഷിക്കാനില്ല – കളിക്കാരുടെ പേരു പറയാതെ ഗംഭീർ വ്യക്തമാക്കി.
എന്നാൽ രോഹിത് ശർമയെയും വിരാട് കോലിയെയും ഉദ്ദേശിച്ചാണ് ഗംഭീറിന്റെ പരാമർശമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകപക്ഷം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ സെഞ്ചറി നേടിയ രോഹിത് ശർമയുടെയും അർധസെഞ്ചറി നേടിയ വിരാട് കോലിയുടെയും മികവിൽ ഇന്ത്യ ജയിച്ചിരുന്നു. ഇരുവരുടെയും പ്രകടനത്തെ പുകഴ്ത്തി എല്ലാവരും രംഗത്തെത്തുകയും ചെയ്തു. പരമ്പരയിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ രോഹിത്തിന് അഭിനന്ദനപ്രവാഹമായിരുന്നു. ഏകദിന റാങ്കിങ്ങിൽ രോഹിത്ത് ഒന്നാമതെത്തുകയും ചെയ്തു.
ഏകദിന പരമ്പരയ്ക്കു ശേഷം നടന്ന ട്വന്റി20 പരമ്പരയിൽ ഇന്ത്യ 2–1 ജയിച്ചിരുന്നു. ആ വിജയത്തിൽനിന്നും പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ടെന്നും ഗംഭീർ പറഞ്ഞു. ‘‘ആത്യന്തികമായി, ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അതെ, ടി20 പരമ്പര വ്യത്യസ്തമായിരുന്നു, ഞങ്ങൾ പരമ്പര നേടി, ധാരാളം പോസിറ്റീവുകൾ ഉണ്ടായിരുന്നു. പക്ഷേ ധാരാളം പാഠങ്ങളും ഉണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
English Summary:








English (US) ·