Published: June 30 , 2025 12:16 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കഴിവു തെളിയിക്കാൻ മൂന്നു വർഷമെങ്കിലും സമയം ലഭിക്കണമെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാലും ശുഭ്മൻ ഗില്ലിന്റെ സ്ഥാനത്തിന് ഒരു ഭീഷണിയും ഉണ്ടാകരുതെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. രോഹിത് ശർമ, വിരാട് കോലി എന്നീ സൂപ്പർ താരങ്ങളില്ലാതെ, താരതമ്യേന പുതിയൊരു ടീമുമായി കളിക്കുമ്പോൾ ഗില്ലിന് സമ്മർദമുണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട സമയമാണിതെന്നും രവി ശാസ്ത്രി വ്യക്തമാക്കി
‘‘ഗില്ലിന് ഒരുപാട് പക്വത വന്നിട്ടുണ്ട്. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ടോസിന്റെ സമയത്തുമെല്ലാം അതു വ്യക്തമാകുന്നുണ്ട്. മൂന്നു വർഷമെങ്കിലും അദ്ദേഹത്തെ തുടരാൻ അനുവദിക്കുക. ഈ പരമ്പരയിൽ എന്തു സംഭവിച്ചാലും ഗില്ലിനെ മാറ്റരുത്. നമ്മൾ പ്രതീക്ഷിക്കുന്ന മത്സരഫലങ്ങൾ കൊണ്ടുവരാൻ ഗില്ലിനു സാധിക്കും.’’– രവി ശാസ്ത്രി വിസ്‍ഡനോടു പറഞ്ഞു. ഗിൽ മികച്ച അന്തരീക്ഷമാണ് ടീമിലും ഡ്രസിങ് റൂമിലും സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയും വ്യക്തമാക്കി.
‘‘ഗിൽ മികച്ച രീതിയിൽ തന്നെ ടീമിനെ കൈകാര്യം ചെയ്യുന്നുണ്ട്. ബോളർമാരെ മാറ്റുമ്പോൾ എല്ലാവർക്കും കൃത്യമായ ഇടവേളകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. അവസരങ്ങൾ നോക്കി ബോളർമാരെ ഉപയോഗിക്കുന്നു. വളരെ നല്ല അന്തരീക്ഷമാണ് അദ്ദേഹം ഈ ടീമിൽ സൃഷ്ടിക്കുന്നത്. എല്ലാവരോടും സംസാരിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടു പോകുന്നതാണു ഗില്ലിന്റെ രീതി.’’– പ്രസിദ്ധ് കൃഷ്ണ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ശുഭ്മൻ ഗിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്സ് ടെസ്റ്റിൽ അഞ്ചു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ കളിയിൽ തന്നെ സെഞ്ചറി നേടിയ ഗിൽ, സുനിൽ ഗാവസ്കർ, വിരാട് കോലി, വിജയ് ഹസാരെ, ദിലീപ് വെങ്സാർക്കർ എന്നിവരടങ്ങിയ എലൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു.
English Summary:








English (US) ·