
നടൻ അജാസ് ഖാൻ | ഫോട്ടോ: Instagram
ഉള്ളടക്കത്തിന്റെ പേരിൽ നടൻ ഇജാസ് ഖാനും റിയാലിറ്റി ഷോയും വിവാദത്തിൽ. ഉല്ലു എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ ഇജാസ് മത്സരാർത്ഥികളോട് ചോദിച്ച ഒരു ചോദ്യമാണ് വൻവിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉള്ളടക്കത്തിലെ അശ്ലീലതകാരണം രാഷ്ട്രീയപ്പാർട്ടികളും വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്ന ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ കർശന നടപടിയും കടുത്ത നിയമങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ.
റിയാലിറ്റി ഷോയിൽ നിന്നുള്ള ഒരു രംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം കനത്തത്. അവതാരകനായ അജാസ് ഖാൻ മത്സരാർത്ഥികളോട് സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പിൽ കാണാനാവുക. സെക്സ് പൊസിഷനുകളേക്കുറിച്ച് അറിയാമോ എന്നും അത്തരം കാര്യങ്ങളിലെ അറിവ് പ്രകടിപ്പിക്കാമോ എന്നുമാണ് അജാസ് ഖാൻ ചോദിക്കുന്നത്. കൂടാതെ ചില പൊസിഷനുകൾ ക്യാമറയ്ക്ക് മുന്നിൽ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കാമോയെന്ന് ഒരു മത്സരാർത്ഥിയോട് അജാസ് ചോദിക്കുന്നു. ഈ സംഭാഷണമാണ് ഇപ്പോൾ റിയാലിറ്റി ഷോക്കും അജാസ് ഖാനുമെതിരെ വിമർശനമുയരാൻ കാരണം. ഇത്തരം ചോദ്യോത്തരങ്ങൾ നിലവാരമില്ലാത്തതും അരോചകവുമാണെന്ന് പല കാഴ്ചക്കാരും വിമർശിച്ചു.
പലരും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് നടപടിയാവശ്യപ്പെട്ടത്. രാജ്യത്ത് ഒടിടിയിലൂടെ അശ്ലീലത പരസ്യമായി വിളമ്പുകയാണ്. എല്ലാ നിയമങ്ങളും ലംഘിക്കപ്പെടുന്നു. കർശന നടപടിയെടുക്കാനും ശക്തമായ നിയമങ്ങൾ രൂപീകരിക്കാനും അഭ്യർത്ഥിക്കുകയാണെന്നും പ്രതികരണങ്ങൾ വന്നു. വിഷയം പാർലമെന്ററി കമ്മിറ്റി അന്വേഷിക്കുമെന്ന് ലോക്സഭാ എംപി നിഷികാന്ത് ദുബെ പറഞ്ഞു.
അശ്ലീലവും നിലവാരമില്ലാത്തതുമായ ഉള്ളടക്കത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് ഉളു ആപ്പ്, ആൾട്ട് ബാലാജി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ രക്ഷപ്പെട്ടെന്ന കാര്യം പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ താൻ ഉന്നയിച്ചതായി ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. അവരുടെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
"ഉല്ലു, ആൾട്ട് ബാലാജി തുടങ്ങിയ ആപ്പുകൾക്ക് അശ്ലീല ഉള്ളടക്കത്തിൻ്റെ പേരിൽ ഐ ആൻഡ് ബി മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞെന്ന കാര്യം ഞാൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്," അവർ എക്സിൽ കുറിച്ചു. ബിജെപി യുവമോർച്ച ബിഹാർ അധ്യക്ഷൻ വരുൺ രാജ് സിംഗ് എക്‌സിലൂടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനോട് 'നമ്മുടെ കുട്ടികളെ രക്ഷിക്കൂ' എന്ന് ആവശ്യപ്പെട്ടു.
ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് ഒരു 'സാമൂഹിക ഉത്തരവാദിത്തം' ഉണ്ടെന്ന് സുപ്രീം കോടതി ഒരു വിധിയിൽ ചൂണ്ടിക്കാട്ടിയതിന് ദിവസങ്ങൾക്കകമാണ് ഈ സംഭവം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ പ്രവണതയെ 'പ്രധാന ആശങ്ക' എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. കൂടാതെ കേന്ദ്ര സർക്കാരിനും ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ആൾട്ട്ബാലാജി, ഉള്ളു ഡിജിറ്റൽ, മുബി എന്നിവയ്ക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ് കോർപ്, ഗൂഗിൾ, മെറ്റാ ഇൻക്, ആപ്പിൾ എന്നിവയ്ക്കും സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Content Highlights: Ijaz Khan`s Reality Show Sparks Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·