Published: August 15, 2025 02:01 PM IST
1 minute Read
ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റിനോട് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇടയാനുള്ള പ്രധാന കാരണം ഇംഗ്ലിഷ് സൂപ്പർ താരം ജോസ് ബട്‍ലറുമായി ബന്ധപ്പെട്ട തർക്കമെന്നു വിവരം. കഴിഞ്ഞ ഐപിഎലിനു തൊട്ടുമുൻപ് ജോസ് ബട്‌ലറെ രാജസ്ഥാൻ ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. വർഷങ്ങളായി രാജസ്ഥാന്റെ ഓപ്പണറായിരുന്ന ബട്‍ലർ, ഒറ്റയ്ക്കു പൊരുതി ടീമിനെ പല തവണ വിജയത്തിലെത്തിച്ച താരമാണ്. വിശ്വസ്തനായ താരത്തെ രാജസ്ഥാൻ കൈവിട്ടത് റോയൽസ് ആരാധകരെയും ഞെട്ടിച്ചിരുന്നു.
ക്യാപ്റ്റനായ സഞ്ജുവിന്റെ താൽപര്യങ്ങളെ മറികടന്നാണ് ഫ്രാഞ്ചൈസി ജോസ് ബട്‍ലറെ പറഞ്ഞുവിട്ടതെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. 2025 ഐപിഎലിനു മുൻപ് രാജസ്ഥാൻ നിലനിർത്തിയ ആറു താരങ്ങളിൽ ഒരേയൊരു വിദേശ താരം ഷിമ്രോൺ ഹെറ്റ്മിയറായിരുന്നു. 11 കോടി രൂപയാണ് സ്ഥിരതയില്ലാത്ത താരത്തിനായി രാജസ്ഥാൻ മുടക്കിയത്. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, സന്ദീപ് ശർമ എന്നിവരെയും ടീം നിലനിർത്തി. ആറു താരങ്ങളെ നിലനിർത്തിയതിനാൽ ലേലത്തിൽ ജോസ് ബട്‍ലർക്കു വേണ്ടി ആർടിഎം സംവിധാനം ഉപയോഗിക്കാനും രാജസ്ഥാനു സാധിച്ചില്ല. റിയാൻ പരാഗിനെയും ഹെറ്റ്മിയറെയും നിലനിർത്തുന്നതിനായിരുന്നു ബട്‍ലറുമായുള്ള ബന്ധം രാജസ്ഥാൻ അവസാനിപ്പിച്ചത്.
മെഗാലേലത്തിൽ പങ്കെടുത്ത ജോസ് ബട്‍ലറെ 15.75 കോടിക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ബട്‍ലറെ ഗുജറാത്ത് അടുത്ത സീസണിലേക്കും നിലനിർത്താനാണു സാധ്യത. ജോസ് ബട്‍ലറെ ഒഴിവാക്കിയതിലുള്ള അതൃപ്തി സഞ്ജു സാംസൺ പല തവണ പരസ്യമാക്കുകയും ചെയ്തു. ബട്‍ലറെ ഒഴിവാക്കിയത് വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നെന്ന് സഞ്ജു തന്നെ മുൻപ് പ്രതികരിച്ചിട്ടുണ്ട്.
‘‘ജോസ് ബട്‍ലറെ വിട്ടുകളഞ്ഞത് വളരെ വെല്ലുവിളി നിറഞ്ഞൊരു തീരുമാനമായിരുന്നു. ഇംഗ്ലണ്ട് പരമ്പരയുടെ സമയത്ത് ഞാൻ അക്കാര്യം ജോസ് ബട്‍ലറിനോടും പറഞ്ഞിട്ടുണ്ട്. മൂന്നു വർഷം കഴിയുമ്പോൾ താരങ്ങളെ റിലീസ് ചെയ്യുന്ന രീതി എനിക്കു സാധിക്കുമായിരുന്നെങ്കിൽ എടുത്തു കളയുമായിരുന്നു. കാരണം വർഷങ്ങളായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് നിങ്ങൾക്ക് അപ്പോൾ നഷ്ടമാകുന്നത്. അദ്ദേഹം ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു.’’– സഞ്ജു ജിയോ ഹോട്സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
English Summary:








English (US) ·