Published: November 21, 2025 11:14 AM IST
1 minute Read
മുംബൈ∙ സർഫറാസ് ഖാന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തത് അദ്ദേഹം പേസർമാര്‍ക്കെതിരെ തിളങ്ങില്ലെന്ന ഒരു ധാരണ ടീം മാനേജ്മെന്റിന് ഉണ്ടായതുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 28 വയസ്സുകാരനായ സർഫറാസ് ഖാൻ ആറു ടെസ്റ്റുകളിൽനിന്ന് ഒരു സെഞ്ചറിയും മൂന്ന് അര്‍ധ സെഞ്ചറികളും ഉൾപ്പടെ 371 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരവ് ലക്ഷ്യമിട്ട് താരം ശരീര ഭാരം കുറച്ചെങ്കിലും സീനിയർ ടീമിൽ അവസരം ലഭിച്ചില്ല. കഴിഞ്ഞ വർഷം നവംബറിലാണു താരം ദേശീയ ടീമിൽ ഒടുവിൽ കളിച്ചത്.
‘‘ഫാസ്റ്റ് ബോളർമാർക്കെതിരെയും പന്തിനു സ്വിങ് ലഭിക്കുന്ന സാഹചര്യങ്ങളിലും സർഫറാസ് ഖാൻ തിളങ്ങില്ലെന്ന ഒരു ധാരണ ഇതിനകം ടീം മാനേജ്മെന്റിന് ഉണ്ടായിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരം ലഭിക്കാത്തത്. പക്ഷേ അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ പോലും ഒന്നു തോൽക്കാൻ വേണ്ടിയെങ്കിലും ഞാൻ അദ്ദേഹത്തിന് അവസരം നൽകുമായിരുന്നു. ബാറ്റിങ്ങിൽ പരാജയപ്പെടുമെന്ന ധാരണയുണ്ടെങ്കിലും അതിനായി ഒരാൾക്ക് അവസരമെങ്കിലും ലഭിക്കണ്ടേ, സര്‍ഫറാസിന്റെ കാര്യത്തിൽ അതു പോലും സംഭവിക്കുന്നില്ല.’’- ആകാശ് ചോപ്ര വ്യക്തമാക്കി.
ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ‘‘ജയ്സ്വാൾ അടുത്തുതന്നെ ഏകദിന, ട്വന്റി20 ടീമുകളിൽ ഇടം പിടിക്കും. നിങ്ങൾക്കു സൂര്യപ്രകാശത്തെ മേഘങ്ങൾ ഉപയോഗിച്ച് മറയ്ക്കാം. പക്ഷേ അത് ഒളിപ്പിച്ചു വയ്ക്കാൻ സാധിക്കില്ല. ജയ്സ്വാളിനോട് ഇപ്പോൾ കാണിക്കുന്നത് അനീതിയിലാണ്. ജയ്സ്വാൾ ട്വന്റി20 ലോകകപ്പ് ടീമിലുണ്ടാകുമെന്നാണു ഞാൻ വിശ്വസിക്കുന്നത്.’’- ആകാശ് ചോപ്ര പറഞ്ഞു.
English Summary:








English (US) ·