പരാതിക്കാര്‍ക്കു പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെ വിശ്വാസം - കൃഷ്ണകുമാര്‍

7 months ago 6

krishnakumar diya krishna

കൃഷ്ണകുമാർ, കൃഷ്ണകുമാറും ദിയ കൃഷ്ണയും വാർത്താസമ്മേളനത്തിൽ | Photo: Mathrubhumi

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍. കേസിനുപിന്നില്‍ ആരുടെയോ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. കേസെടുത്തതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. പരാതിക്കാരുടെ കൈവശം തങ്ങള്‍ക്കെതിരേ തെളിവുകളൊന്നുമില്ല. എന്നാല്‍, അവര്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകള്‍ കൈവശമുണ്ട്. പരാതി നല്‍കാന്‍ പോയപ്പോള്‍ പോലീസില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. കേസെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മകള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

പരാതിക്കാരായ യുവതികള്‍, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പോലീസില്‍ കൊടുത്തു. പോലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്തുനിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നതുപോലെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റേയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റേയോ പോലും തെളിവ് അവരുടെ കൈയിലില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

'ഇത് കൗണ്ടര്‍ കേസാണ്. സാധാരണ കൗണ്ടര്‍ കേസുകളെ ഗൗരവത്തിലെടുക്കാറില്ല. പോലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതില്‍ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകില്‍ ആരോ ഉണ്ട്. ആ കുട്ടികള്‍ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവര്‍. ഞാന്‍ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോള്‍, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കല്‍ പോലും അവരെ സംശയിച്ചിരുന്നില്ല', അദ്ദേഹം പറഞ്ഞു.

'പരാതിയെ ഗൗരവത്തില്‍ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നല്‍കിയത്. അവധി ദിവസങ്ങള്‍ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പോലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യബുദ്ധിയോടെയാണ് സംസാരിച്ചത്. പരാതി സ്വീകരിക്കാന്‍ മണിക്കൂറുകളെടുത്തു. കേസെടുത്തതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്', കൃഷ്ണകുമാര്‍ വ്യക്തമാക്കി.

'ജീവിതത്തില്‍ ആദ്യമായി കാണുന്നയാള്‍ക്ക് നമ്മളോട് വൈരാഗ്യം തോന്നണമെന്നില്ല. രാഷ്ട്രീയപരമായോ വേറെന്തെങ്കിലും ബുദ്ധിമുട്ട് നമ്മളോട് സിഐയ്ക്കുണ്ടോ എന്നറിയില്ല. കോടതിയേലേക്കെ നമുക്ക് പോകാന്‍ കഴിയൂ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വിശ്വാസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ്. ന്യായമായ നടപടി അവിടെനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. അവധി കഴിഞ്ഞുള്ള ആദ്യദിവസം തന്നെ കോടതിയെ സമീപിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP person G. Krishna Kumar accuses foul play successful a kidnap lawsuit filed against him and his daughter

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article