മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരിക്ക് വലയ്ക്കുകയാണ്. കാല്‍മുട്ടിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പുറത്തായി. ഞായറാഴ്ച ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് നിതീഷിന് കാല്‍മുട്ടിനു പരിക്കേറ്റത്. തിങ്കളാഴ്ച ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലാം ടെസ്റ്റിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ അന്‍ഷുല്‍ കംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടതുകാല്‍മുട്ടിനേറ്റ പരിക്കാണ് നിതീഷിന് തിരിച്ചടിയായത്. 21-കാരനായ താരം നാട്ടിലേക്ക് മടങ്ങും.
വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തും പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങും പരിക്കിന്റെ പിടിയിലാണ്. അര്‍ഷ്ദീപിനെ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ചു മത്സര പരമ്പരയില്‍ ഇതിനകം 1-2ന് പിന്നിലായിരിക്കുന്ന ഇന്ത്യയ്ക്ക് താരങ്ങളുടെ പരിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആകാശ് ദീപിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മാഞ്ചെസ്റ്റര്‍ ടെസ്റ്റിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുമോ എന്നത് വ്യക്തമായിട്ടില്ല.
ബെക്കന്‍ഹാമില്‍ പരിശീലനത്തിനിടെ ഇടത് തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അര്‍ഷ്ദീപിനെ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. പത്ത് ദിവസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. നെറ്റ്സില്‍ സായ് സുദര്‍ശന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഹരിയാണ പേസര്‍ അന്‍ഷുല്‍ കാംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
അര്‍ഷ്ദീപിന്റെ പരിക്കും ആകാശ് ദീപിന്റെ ഫിറ്റ്‌നസ് ഉറപ്പില്ലാത്തതും ഇന്ത്യന്‍ പേസ് വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിക്കാനിടയുള്ള ജസ്പ്രീത് ബുംറ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ കളിക്കേണ്ടിവരും. ആകാശ് കളിക്കുകയാണെങ്കില്‍ ബുംറയ്ക്ക് വിശ്രമം നല്‍കാനായിരുന്നു മാനേജ്മെന്റിന്റെ പദ്ധതി. അടിയവയര്‍ ഭാഗത്തെ പേശികള്‍ക്ക് പരിക്കുള്ള ആകാശിന് കളിക്കാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ല.
ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ടീമിനൊപ്പം ചേരുന്ന അന്‍ഷുല്‍ കാംബോജ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി. രഞ്ജി ക്രിക്കറ്റില്‍ ഹരിയാണയ്ക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്.
Content Highlights: Indian all-rounder Nitish Kumar Reddy ruled retired of England Test bid with a genu injury








English (US) ·