മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയില്‍. 19 റണ്‍സ് വീതമെടുത്ത് രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.
കെ.എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതിനിടെ ഋഷഭ് പന്ത് കാലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഒന്നാം ദിനം ആദ്യ സെഷനില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീടുള്ള രണ്ട് സെഷനുകളിലും തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ രാഹുലും ജയ്‌സ്വാളും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി. പിന്നാലെ 98 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് വോക്സിന്റെ പന്തിന്റെ ഗതി തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവാണ് രാഹുലിന്റെ പുറത്താകലിന് വഴിവെച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച് മുന്നേറുകയായിരുന്ന ജയ്‌സ്വാളിനെ ലിയാം ഡൗസണ്‍ വീഴ്ത്തി. 107 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 58 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. അധികം വൈകാതെ ബെന്‍ സ്റ്റോക്ക്സിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഗില്ലിനും പിഴച്ചു. 23 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത താരം പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. നന്നായി കളിക്കുന്നതിനിടെ ക്രിസ് വോക്സ് എറിഞ്ഞ 68-ാം ഓവറില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേറ്റു. വേദനകൊണ്ട് പുളഞ്ഞ പന്തിനെ ഇന്ത്യയുടെ മെഡിക്കല്‍ ടീം പരിശോധിച്ചു. താരത്തിന്റെ വലതുകാല്‍ അതിനോടകം തന്നെ നീരുവെച്ചിരുന്നു. കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു. കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്. 48 പന്തില്‍ നിന്ന് 37 റണ്‍സെടുത്തുനില്‍ക്കേ പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പന്തിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താരത്തിന് തുടര്‍ന്ന് കളിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയാകും.
പിന്നാലെ നിലയുറപ്പിച്ചിരുന്ന സായ് സുദര്‍ശനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 151 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത സുദര്‍ശന് സ്റ്റോക്ക്‌സിന്റെ ഷോര്‍ട്ട് ബോളില്‍ പിഴച്ചു.
നേരത്തേ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കകയായിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് നഷ്ടമാകുന്നത്. എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്ന തുടര്‍ച്ചയായ 14-ാം മത്സരമാണിത്.
മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഫോമിലെത്താന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ താക്കൂറും ആകാശ്ദീപിന് പകരം ഹരിയാണക്കാരന്‍ അന്‍ഷുല്‍ കാംബോജും ടീമിലെത്തി. കാംബോജിന്റെ അന്താരാഷ്ട്ര അരങ്ങേറ്റമാണിത്. വിരലിന് പരിക്കേറ്റ ഋഷഭ് പന്തും ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ ഷോയബ് ബഷീറിന് പകരം ലിയാം ഡൗസണ്‍ ഇടംനേടി.
മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. അതേസമയം മാഞ്ചെസ്റ്ററിലും ഇംഗ്ലണ്ട് ജയിച്ചാല്‍ പരമ്പര അവര്‍ സ്വന്തമാക്കും. ഈ ഗ്രൗണ്ടില്‍ നേരത്തേ കളിച്ച ഒന്‍പതു ടെസ്റ്റില്‍ നാലില്‍ ഇന്ത്യ തോറ്റപ്പോള്‍ അഞ്ചെണ്ണം സമനിലയായി. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ മഴയുണ്ടായിരുന്നു. വരുംദിവസങ്ങളിലും നേരിയ മഴച്ചാറ്റല്‍ പ്രതീക്ഷിക്കുന്നു.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. അമിത ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജസ്പ്രീത് ബുംറയ്ക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷ്ദീപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു.
ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്‍ഷുല്‍ കാംബോജ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി. രഞ്ജി ക്രിക്കറ്റില്‍ ഹരിയാണയ്ക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്. ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.
Content Highlights: England won the flip and chose to vessel against India successful the 4th Test astatine Manchester








English (US) ·