പരിക്കേറ്റുള്ള പോരാട്ടം ഇനി വേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ

5 months ago 5

16 August 2025, 09:00 PM IST

PANT

മത്സരത്തിനിടെ പരിക്കേറ്റ പന്ത് |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക് തിരിച്ചടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം.

പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരിക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം.

ടോസ് സമയത്ത് സമര്‍പ്പിക്കുന്ന പകരക്കാരുടെ പട്ടികയില്‍ നിന്ന് മാത്രമേ താരങ്ങളെ തിരഞ്ഞെടുക്കാവൂ. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ഇളവുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാച്ച് റഫറിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്. രണ്ടുതാരങ്ങളും മത്സരം കളിച്ചതായി രേഖപ്പെടുത്തും.

ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങള്‍ക്ക് പരിക്കുമായി കളിക്കേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കരണം. ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്ക്‌സും പരിക്കുമായി ബാറ്റിങ്ങിനിറങ്ങിയിരുന്നു. അത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടുകള്‍ മാത്രമേ നിലവില്‍ അനുവദനീയമായുള്ളൂ. മറ്റുപരിക്കുകള്‍ക്ക് പകരം താരങ്ങളെ കളിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

Content Highlights: BCCI introduces Serious Injury Replacement for home season

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article