09 June 2025, 11:59 AM IST
.jpg?%24p=79d0cd4&f=16x10&w=852&q=0.8)
ക്രിസ്റ്റ്യാനോ റൊണാൾഡോ | AP
മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും പരിക്കുകളൊന്നും പറ്റിയില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോകുമെന്നും റോണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായിരുന്നു.
'എനിക്ക് എത്ര വയസായെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. എങ്കിലും എനിക്ക് എല്ലാ നിമിഷങ്ങളും ആസ്വദിക്കണം. ഗുരുതരമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ മുന്നോട്ടുപോകുന്നത് തുടരും.' - റൊണാള്‍ഡോ പറഞ്ഞു.
'ക്ലബ് കരിയറില്‍ എനിക്ക് ധാരാളം ട്രോഫികളുണ്ട്. എന്നാല്‍ പോര്‍ച്ചുഗലിനായി വിജയിക്കുന്നതുപോലെ മറ്റൊന്നുമില്ല. വിജയത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് 'കണ്ണീരണിഞ്ഞുകൊണ്ട് റോണോ പറഞ്ഞു.
ഫൈനലില്‍ ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ കീഴടക്കുന്നത്. നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലപാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. റൂബന്‍ നെവസ് അവസാനകിക്ക് വലയിലാക്കിയതിന് പിന്നാലെ പോര്‍ച്ചുഗലിന്റെ ആഘോഷപ്രകടനങ്ങള്‍ക്ക് തുടക്കമായി. താരങ്ങളെല്ലാം വിജയാഹ്ളാദത്തില്‍ മതിമറന്നു. സാക്ഷാല്‍ റൊണാള്‍ഡോ ഡഗൗട്ടില്‍ നിന്ന് കണ്ണീരണിയുകയും ചെയ്തു. പിന്നാലെ താരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചു.
മത്സരത്തില്‍ ഗോള്‍ നേടിയ റോണോ പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നായകനായി ഒരിക്കല്‍ കൂടി കപ്പുയര്‍ത്താനായത് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ കരിയറില്‍ പൊന്‍തൂവലാണ്. മൂന്നാം തവണയാണ് പോര്‍ച്ചുഗല്‍ റോണോയ്ക്ക് കീഴില്‍ കിരീടം നേടുന്നത്. 2016 യൂറോ കപ്പും 2019 യുവേഫ നേഷന്‍സ് ലീഗുമാണ് ഇതിന് മുമ്പ് നേടിയ കിരീടങ്ങള്‍.
Content Highlights: ronaldo status hint uefa nations league champions








English (US) ·