Published: June 17 , 2025 02:16 PM IST Updated: June 17, 2025 02:48 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള പരിശീലന മത്സരത്തിനു പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം 18ൽനിന്ന് 19 ആക്കി വർധിപ്പിച്ച് ടീം മാനേജ്മെന്റ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് മൂന്നു ദിവസം മാത്രം അകലെ നിൽക്കെയാണ്, എ ടീമിൽ അംഗമായിരുന്ന ഹർഷിത് റാണയെക്കൂടി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. ഇക്കഴിഞ്ഞ മേയ് 24നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള 18 അംഗ ടീമിനെ സിലക്ടർമാർ പ്രഖ്യാപിച്ചത്. വിരാട് കോലി, രോഹിത് ശർമ എന്നിവർ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പരമ്പരയാണിത്.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് സിങ്, അർഷ്ദീപ് സിങ് എന്നിവരെ ഉൾപ്പെടുത്തിയാണ് ആദ്യം ടീം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പേസ് ബോളറായ ഹർഷിത് റാണയെക്കൂടി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലകനായ ഗൗതം ഗംഭീറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് റാണയെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. പരിശീലന മത്സരത്തിൽ സെഞ്ചറി നേടിയ യുവതാരം സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു.
അതേസമയം, ഇക്കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ എ ടീം നാട്ടിലേക്കു മടങ്ങിയാലും ഹർഷിത് റാണ ഇംഗ്ലണ്ടിൽ തുടരുമെന്ന് ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് സ്ഥിരീകരിച്ചു. റാണയെ ഔദ്ോയഗികമായി ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യൻ എ ടീമിൽ അംഗങ്ങളായിരുന്നവരിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ കരാറിലെത്തിയവർ ഒഴികെയുള്ളവർ ഇന്ന് നാട്ടിൽ തിരിച്ചെത്തുമെന്നാണ് വിവരം. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ പരിശീലന മത്സരത്തിൽ കാന്റർബറിയിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ റാണയും കളത്തിലിറങ്ങിയിരുന്നു. 99 റൺസിന് ഒറ്റ വിക്കറ്റ് മാത്രമാണ് റാണയ്ക്ക് നേടാനായത്. 16 റൺസും നേടി.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഹർഷിത് റാണ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 50.75 ശരാശരിയിൽ നാലു വിക്കറ്റ് മാത്രമാണ് റാണയ്ക്ക് നേടാനായത്. പെർത്തിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതായിരുന്നു മികച്ച പ്രകടനം. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്ന് റാണയെ ആദ്യം പുറത്തിരുത്തിയത്.
English Summary:








English (US) ·